പ്രിയദര്‍ശിനി ജില്ലാതല ഉദ്ഘാടനം നാളെ
ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിയായ പ്രിയദര്‍ശിനിയുടെ ജില്ലാതല ഉദ്ഘാടനം നാളെ നടക്കും. രാവിലെ ഒമ്പതിന് ആലപ്പുഴ ഡിപ്പോയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എംഎല്‍എമാരായ ജി സുധാകരന്, എ.ഡി. തോമസ് എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ എല്ലാ ഡിപ്പോകളിലും പദ്ധതിയുടെ ഡിപ്പോതല ഉദ്ഘാടനവും സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8.30 ന് മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിച്ചതിനു ശേഷമായിരിക്കും ജില്ലാതല ഉദ്ഘാടനം നടക്കുക.
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിക്ക് ജില്ലയില്‍ നിലവില്‍ 187 ബസുകളാണ് സര്‍വീസിലുള്ളത്. ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് സൗജന്യ യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. ജില്ലയിലെ പകുതിയിലധികം കെഎസ്ആര്ടിസിബസുകളും ഓര്‍ഡിനറി സര്‍വീസുകളായതിനാല്‍ സ്ത്രീകള്‍ക്ക് ഏറെ പ്രയോജനകരമാണ് പദ്ധതി. ഗ്രാമീണ മേഖലയിലിടക്കം നിരവധി ഓര്‍ഡിനറി സര്‍വീസുകള്‍ നിലവിലുണ്ട്.
ജില്ലയിലെ ഏഴ് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഏറ്റവുമധികം ഓര്‍ഡിനറി സര്‍വീസുകള്‍ ഉളളത് ആലപ്പുഴ ഡിപ്പോയിലാണ്. ഇവിടെ ആകെയുള്ള 76 സര്‍വീസുകളില്‍ 41 എണ്ണം ഓര്‍ഡിനറിയാണ്. ഏറ്റവും കുറവ് മാവേലിക്കരയിലും. ഇവിടെ 17 സര്‍വീസുകളാണ് ഓര്‍ഡിനറി വിഭാഗത്തിലുള്ളത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര സൗജന്യമാക്കിയിരുന്നു. ഇതിന്റെകൂടി ചുവടുപിടിച്ചാണ് സ്ത്രീ യാത്രക്കാര്‍ക്കായി പുതിയ പ്രിയദര്‍ശിനി സൗജന്യ കെഎസ്ആര്‍ടിസി യാത്രാ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സ്ത്രീകളുടെ വരുമാനം വര്‍ധിപ്പിക്കാനും ജോലി സ്ഥലങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കാനും ലക്ഷ്യംവച്ചുള്ള പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതി, യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ പ്രധാനമാണ്.
സര്‍വീസുകള്‍ സമീപ ജില്ലകളിലേക്കും
ജില്ലാ ആസ്ഥാനമായ ആലപ്പുഴയില്‍ നിന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കും സമീപ ജില്ലകളിലേക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകള്‍ നിലവിലുണ്ട്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലയിലെ ചവറ എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുണ്ട്. വണ്ടാനം മെഡി. കോളജ്, പൊന്നാട് വഴി മുഹമ്മ, കോലോത്ത് ജെട്ടി, ചേര്‍ത്തല,തണ്ണീര്‍മുക്കം, പുളിങ്കുന്ന് (കഞ്ഞിപ്പാടം വഴി), അര്‍ത്തുങ്കല്‍, തട്ടാശേരി (നെടുമുടി വഴി), ചഥുര്ത്യാകരി, ചങ്ങനാശേരി, ഹരിപ്പാട്, തായങ്കരി വഴി എടത്വ, എടത്വ, വൈക്കം, തിരുവല്ല, കായംകുളം, മാവേലിക്കര, തോപ്പുംപടി, തോപ്പുംപടി (അര്‍ത്തുങ്കല്‍ വഴി), എറണാകുളം (അര്‍ത്തുങ്കല്‍ വഴി), ഫോര്‍ട്ട് കൊച്ചി (അര്‍ത്തുങ്കല്‍ വഴി), അമൃത ആശുപത്രി (അര്‍ത്തുങ്കല്‍ വഴി), കരുനാഗപ്പള്ളി വഴി ചവറ, ചുങ്കപ്പാറ, പത്തനംതിട്ട (പന്തളം വഴി), തൊടുപുഴ എന്നിങ്ങനെയാണ് ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള ഓര്‍ഡിനറി സര്‍വീസുകള്‍.
Tags : KSRTC ordinary buses Nattuvishesham District News