നെന്മാറ: നെല്ലിയാമ്പതി മലനിരകളിൽ ചക്കപ്പഴ സീസൺ ആരംഭിച്ചതോടെ പ്രദേശവാസികളുടെ പ്രിയങ്കരനായ "ചക്കക്കൊമ്പൻ’ വീണ്ടും സജീവ സാന്നിധ്യമായി. വർഷങ്ങളായി ചക്കക്കാലത്ത് നെല്ലിയാമ്പതിയിലെ കൂനംപാലം പ്രദേശത്ത് എത്തി ചക്കപ്പഴം ഭക്ഷിച്ച് മടങ്ങുന്ന ഈ കാട്ടാന നാട്ടുകാർക്ക് കൗതുകവും സന്തോഷവും പകരുന്ന കാഴ്ചയാണ്.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ചക്കപ്പഴം പഴുത്തുതുടങ്ങുന്ന സമയങ്ങളിൽ ചക്കക്കൊമ്പൻ കൂനംപാലത്തിനും പരിസര പ്രദേശങ്ങൾക്കും സ്ഥിരമായി എത്തുന്നുണ്ട്. നെല്ലിയാമ്പതിയിലെ വനപ്രദേശങ്ങളിലും തോട്ടങ്ങളിലുമുള്ള പ്ലാവുകളിൽ ചക്ക പഴുക്കുമ്പോഴാണ് ഇതിന്റെ വരവ്.
സാധാരണയായി രാത്രികാലങ്ങളിലാണ് കാട്ടിൽനിന്ന് എത്തുന്നത്. പ്ലാവിൽ കായ്ച്ചു നിൽക്കുന്ന ചക്കകൾ തുമ്പിക്കൈ ഉപയോഗിച്ച് പറിച്ചെടുത്ത് ഭക്ഷിച്ചശേഷം യാതൊരു ഉപദ്രവവും സൃഷ്ടിക്കാതെ വീണ്ടും വനത്തിലേക്ക് മടങ്ങും.
ഒന്നോ രണ്ടോ ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും എത്തുന്നതും ചക്കക്കൊമ്പന്റെ പതിവാണ്. കൂനംപാലത്തിനു സമീപമുള്ള പ്രദേശങ്ങളാണ് ഇതിന്റെ ഇഷ്ടമേച്ചിൽകേന്ദ്രമെന്നാണ് നാട്ടുകാർ പറയുന്നത്. വർഷങ്ങളായി ഇവിടെ എത്തുന്നുണ്ടെങ്കിലും മനുഷ്യർക്കോ കൃഷിക്കോ കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ലെന്നതാണ് പ്രത്യേകത. അതിനാൽ തന്നെ ചക്കക്കൊമ്പന്റെ വരവ് ഭീതിയേക്കാൾ കൗതുകത്തോടെയാണ് പ്രദേശവാസികൾ കാണുന്നത്.
Tags : jackfruit tree. Nattuvishesham District News