കാസർഗോഡ്: ആശുപത്രികളിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആശുപത്രിക്ക് സമാനമായ ചികിത്സ വീടുകളിൽ തന്നെ ലഭ്യമാക്കാനുള്ള പദ്ധതിയുമായി കാസർഗോഡ് ആസ്റ്റർ മിംസ്. ആസ്റ്റർ @ ഹോം എന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് കല്ലട്ര മാഹിൻ എംഎൽഎ നിർവഹിക്കുമെന്ന് ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി അറിയിച്ചു.
ആദ്യഘട്ടമെന്ന നിലയിൽ ആശുപത്രിയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് സേവനം ലഭ്യമാക്കുന്നത്. വിദഗ്ധ ഡോക്ടർമാർ, റസിഡന്റ് മെഡിക്കൽ ഓഫീസർമാർ, പരിചയസമ്പന്നരായ നഴ്സുമാർ, അറ്റൻഡർമാർ എന്നിവരടങ്ങുന്ന വിദഗ്ധ മെഡിക്കൽ സംഘമാണ് നൂതന മെഡിക്കൽ ഉപകരണങ്ങളുമായി വീടുകളിലെത്തുക. ജറിയാട്രിക് മെഡിസിൻ കൺസൾട്ടന്റ് ഡോ. പി.എം.എ. ഷഹനാദ് നേതൃത്വം നല്കുന്ന ഹോം കെയർ ടീമിന്റെ സേവനത്തിന് മുൻകൂട്ടി ബുക്ക് ചെയ്യണം. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ഹോം കെയർ ടീം പ്രവർത്തിക്കുക.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നോ പക്ഷാഘാതം മൂലമോ അസ്ഥികൾ പൊട്ടിയോ കിടപ്പിലായവർക്കുവേണ്ടി ഫിസിയോതെറാപ്പിക്കും പ്രത്യേക പരിചരണത്തിനും പദ്ധതിയൊരുക്കിയിട്ടുണ്ട്. രക്തപരിശോധന ഉൾപ്പെടെയുള്ള ലാബ് സൗകര്യങ്ങളും ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനുള്ള ഫാർമസി സംവിധാനവും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.
ചീഫ് മെഡിക്കൽ സൂപ്രണ്ടും അത്യാഹിത വിഭാഗം മേധാവിയുമായ ഡോ. സാജിദ് സലാഹുദ്ദീൻ, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. അമീൻ ഗുൽഷൻ, ഡോ. പി.എം.എ. ഷഹനാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി 7034778800 എന്ന നമ്പറിൽ ബന്ധപ്പെടാം.