ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിൽ പകർച്ചവ്യാധിയായ ഡെങ്കിപ്പനി പടരുന്നു. ഡെങ്കിപ്പനി ബാധിച്ച് വയോധിക മരണപ്പെട്ടത് കൂടുതൽ ആശങ്കയിലാക്കിയിട്ടുണ്ട്.
കോട്ടപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ കീഴിൽ മേയ്, ജൂൺ മാസങ്ങളിലായി 50 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എളമ്പുലാശേരി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ 59 ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു.ഇതിൽ പുതുതായി കോട്ടപ്പുറത്ത് 15 ഉം, എളമ്പുലാശേരിയിൽ 17 ഉം കേസുകൾ രജിസ്റ്റർ ചെയ്തു. സമീപ പഞ്ചായത്തുകളായ തച്ചനാട്ടുകര, കോട്ടോപ്പാടം, കുമരംപുത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിലും ഡെങ്കിപ്പനി കേസുകൾ നിരവധിയാണ്. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞദിവസം ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി വർധിച്ചു വരുന്നുണ്ട്. ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിനായി കരിമ്പുഴ പഞ്ചായത്തിൽ ഊർജിതമായ പ്രതിരോധ നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്.
കരിമ്പുഴ പഞ്ചായത്തിലെ രോഗികളിൽ ഭൂരിഭാഗവും ഒപി ചികിത്സയിൽ ആണെങ്കിലും ചില രോഗികൾക്ക് ആശുപത്രി വാസവും വരുന്നുണ്ട്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ്തല ശുചിത്വ ആരോഗ്യസമിതികളുടെ യോഗവും പഞ്ചായത്ത് തലത്തിൽ വിവിധ വകുപ്പുകളുടെ യോഗവും ചേർന്നു.
നോട്ടീസ് പ്രചരണം, മൈക്ക് പ്രചരണം, അങ്കണവാടികൾ, മറ്റ് സ്ഥാപനങ്ങൾ, കുടുംബശ്രീ, ഹരിതകർമസേന, തോട്ടം ഉടമകൾ, കർഷകർ തുടങ്ങിയവർ വഴിയും വീടുകൾ കേന്ദ്രീകരിച്ചും ബോധവത്കരണം നടന്നുവരുന്നു.
കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തോട്ടര, ആറ്റാശേരി, കുറുവൻകുന്ന് പ്രദേശങ്ങ ളിൽ സ്പ്രേയിംഗ്, ഫോഗിംഗ് എന്നിവ നടത്തി. ആയുർവേദ-ഹോമിയോ-അലോപ്പതി വകുപ്പുകൾ ചേർന്ന് പനി പരിശോധനാക്യാമ്പുകൾ നടന്നുവരുന്നു. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഴുവൻ രാഷ്ട്രീയ നേതാക്കളുടെയും പ്രവർത്തകരുടെയും യോഗം പഞ്ചായത്ത് ഓഫീസ് ഹാളിൽ വിളിച്ചു ചേർത്തിട്ടുണ്ട്.
Tags : Dengue fever Nattuvishesham District News