പ്രതീകാത്മക ചിത്രം
തലശേരി: പത്താം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിൽ സ്കൂളിലെ മുഖ്യാധ്യാപികയെ പോലീസ് സംഘം ചോദ്യം ചെയ്തു. തലശേരി ചിറക്കര മാഹിനലി സാഹിബ് റോഡിലെ ശബാന മൻസിലിൽ റൈഹാൻ ബിൻ അമീർ (15) മരിച്ച സംഭവത്തിലാണ് എഎസ്പി ഓഫീസിലെ എസ്ഐ അനിതയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കണ്ണൂർ ജെം ഇന്റർനാഷണൽ സ്കൂളിലെ മുഖ്യാധ്യാപികയെ ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തിയത്.
മാർക്ക് കുറഞ്ഞതിനെക്കുറിച്ച് കുട്ടിയോട് സംസാരിച്ചിരുന്നുവെന്നും ജയിക്കണമെങ്കിൽ അദ്ഭുതം സംഭവിക്കണമെന്ന് പറഞ്ഞിരുന്നതായും അധ്യാപിക പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കുട്ടിയെ മനഃപൂർവം വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സാധാരണ കുട്ടികളോട് സംസാരിക്കുന്നത് പോലെ മാത്രമേ സംസാരിച്ചിട്ടുള്ളൂവെന്നും മുഖ്യാധ്യാപിക പോലീസിനോട് പറഞ്ഞു.
ക്ലാസ് അധ്യാപികയുടെ മൊഴിയെടുക്കും. എഎസ്പി ഓഫീസിലേക്ക് നോട്ടീസ് നൽകി വിളിച്ചു വരുത്തിയാണ് മൊഴി രേഖപ്പെടുത്തുക. സഹപാഠികളുടെ മൊഴി ഇന്നലെ രേഖപ്പെടുത്താനായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ, സ്കൂൾ അവധിയായതിനാൽ മൊഴി രേഖപ്പെടുത്തിയില്ല.
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ ക്ലാസ് മുറിയിൽവച്ച് മുഖ്യാധ്യാപിക അപമാനിച്ചതിനെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി. റൈഹാന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.