മാഞ്ചസ്റ്റർ: വനിതാ ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കതിരെ ഓസ്ട്രേലിയയ്ക്ക് ഗംഭീര ജയം. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ 65 റൺസിനാണ് ഓസ്ട്രേലിയ വിജയിച്ചത്.
ഓസ്ട്രേലിയ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 16.4 ഓവറിൽ 107 റൺസിൽ ഓൾഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലോറ വോൾവാർഡ് 44 റൺസും നദീൻ ഡി ക്ലർക്ക് 25 റൺസും നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോർജിയ വെയർഹാം മൂന്ന് വിക്കറ്റെടുത്തു. സോഫി മോളിനെക്സും അലാന കിംഗും രണ്ട് വിക്കറ്റ് വീതവും കിം ഗാർത്തും ആഷ്ലെ ഗാർഡ്നറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്. ഫീബ ലിച്ച്ഫീൽഡിന്റെ അർധ സെഞ്ചുറിയുടെയും എല്ലിസ് പെറിയുടെയും ജോർജിയ വെയർഹാമിന്റെയും അന്നബെൽ സതർലൻഡിന്റെ ഇന്നിംഗ്സുകളുടെയും മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോർ പടുത്തുയർത്തിയത്.
ലിച്ച്ഫീൽഡ് 50 റൺസാണെടുത്തത്. എല്ലിസ് പെറി 36 റൺസും വെയർഹാം 32 റൺസും സതർലൻഡ് 21 റൺസും സ്കോർ ചെയ്തു. ദക്ഷിണാഫ്രിക്കയക്ക് വേണ്ടി നദീൻ ഡി ക്ലർക്കും ആയബോംഗ ഖാക്കയും നോൻകുലുലേക്കോ എംലാബയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാരിസാനെ കാപ്പും ഷബ്നിം ഇസ്മായിലും ഓരോ വിക്കറ്റ് വീതം എടുത്തു.
Tags : icc women's t20 worldcup australia beats south africa