ഏറെ വൈകിയാണെങ്കിലും സുപ്രീംകോടതി വിധി സ്ത്രീകളുടെ അന്തസുയർത്തുന്ന സുപ്രധാന നിരീക്ഷണമാണ്. ഇത് വളരെ നേരത്തെ ഉണ്ടാകേണ്ടതായിരുന്നു. നമ്മുടെ അമ്മമാർക്കും മുത്തശിമാർക്കുമായി സമർപ്പിക്കുകയാണ് ഈ കോടതിവിധി. ഇന്നത്തേതുപോലെയല്ല പഴയകാലത്തെ വീട്ടമ്മമാരുടെ വീട്ടുജോലി. ഏറെ പ്രയാസകരമായിരുന്നു.
വൈദ്യുതിയില്ല, ഗ്യാസില്ല, പൈപ്പില്ല, മിക്സിയില്ല, വാഷിംഗ് മെഷീനില്ല, ഫ്രിഡ്ജില്ല, ഉണങ്ങിയ വിറകുപോലും മഴക്കാലത്ത് അടുപ്പ് കത്തിക്കാനുണ്ടാകില്ല. പക്ഷെ, അവർ എല്ലാം നിശബ്ദമായി മക്കൾക്കും കുടുംബത്തിനും വേണ്ടി സഹിച്ച് ത്യാഗം ചെയ്യുകയായിരുന്നു. ആ ത്യാഗത്തിന് ഇന്ന് വിലയുണ്ടായി. തീർച്ചയായും കോടതിവിധി ഏറെ സ്വാഗതാർഹവും സ്ത്രീ സമൂഹത്തിന് പ്രതീക്ഷ നൽകുന്നതുമാണ്.
റാണി ചാക്കോ കപ്യാരുതോട്ടത്തിൽ, വള്ളിയോട്, വടക്കഞ്ചേരി
വീട്ടമ്മമാരായ ഭാര്യമാരുടെ അധ്വാനവും സംഭാവനകളും പലപ്പോഴും വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോകുന്ന ഒരു സാമൂഹിക സാഹചര്യം ഇന്നും നിലനിൽക്കുന്നു. കുടുംബത്തിന്റെ ക്ഷേമത്തിനും കുട്ടികളുടെ വളർച്ചയ്ക്കും അവർ നൽകുന്ന നിസ്വാർഥ സേവനത്തിന് യഥാർഥ വിലയും ബഹുമാനവും ലഭിക്കേണ്ടതുണ്ട്.
സുപ്രീംകോടതിയുടെ ഈ നിലപാട് വീട്ടമ്മമാരുടെ പ്രയത്നത്തിന് സമൂഹം അർഹമായ അംഗീകാരം നൽകേണ്ടതിന്റെ പ്രാധാന്യം ഓർമപ്പെടുത്തുന്നതാണ്.
എസ്. പ്രതിഭ, പ്രിൻസിപ്പൽ, ജിഒഎച്ച്എസ്എസ് എടത്തനാട്ടുകര
സുപ്രീം കോടതിയുടെ വിധി അഭിനന്ദനീയമാണ്. ഒരു വീട്ടമ്മ രാവിലെ മുതൽ രാത്രി ഏറെ വൈകുംവരെ വീട്ടുജോലികളിൽ വ്യാപൃതയാകുന്ന വ്യക്തിയാണ്. മക്കൾ, ഭർത്താവ് തുടങ്ങി വീട്ടിലെ മറ്റ് അംഗങ്ങൾക്കുവേണ്ടിയും പണിയെടുക്കുന്നു. കുടുംബിനികൾക്കുള്ള ഒരു അംഗീകാരമാണ് ഈ വിധി.
അനിത ശങ്കർ ‘ആർദ്ര' പരുത്തിക്കാട്ടെ ഹൗസ്, എടയാർ സ്ട്രീറ്റ് മാങ്കാവ്, പാലക്കാട്
സുപ്രീംകോടതിയുടെ വിധിയോടെ കോളജ് വിദ്യാർഥിനികളടക്കമുള്ളവരെ ഇനി ആരും വിലയില്ലാത്തവൾ എന്ന് പറയില്ല. കോടതിയുടെ നിരീക്ഷണം സമൂഹത്തിൽ തല ഉയർത്തി നിൽക്കാം. കാൽകാശിനു കൊള്ളാത്തവൾ എന്ന പരിഹാസത്തിനും ഇതോടെ അവസാനമായിരിക്കുന്നു. സ്ത്രീകളുടെ മൂല്യം കുടുംബത്തിലും സമൂഹത്തിലും ഇനി മുതൽ ആദരിക്കപ്പെടും.
ലെന മാത്യു, മൂന്നാംവർഷ മലയാളം ബിരുദ വിദ്യാർഥിനി, ഗവ. വിക്ടോറിയ കോളജ്, പാലക്കാട്
ഭവനത്തിൽ സ്ത്രീ ചെയ്യുന്ന ജോലിക്ക് പ്രതിഫലം ഇല്ലായിരുന്നുവെന്നു മാത്രമല്ല പാർശ്വവത്കരിക്കപ്പെടുകയും ചെയ്തിരുന്ന സമൂഹത്തിൽനിന്നും പരിപൂർണ അംഗീകാരം ലഭിച്ചിരിക്കുന്നു. പുരുഷനോടൊപ്പം സ്ത്രീയും അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്ത്രീക്ക് വിലകൽപ്പിക്കാത്ത സമൂഹത്തിൽ കോടതിവിധി ആശ്വസം പകരുന്നു.
ത്രേസ്യാമ്മ ജോയ്, മേടക്കൽ, മുണ്ടൂർ
നേരം പുലരുമ്പോൾ മുറ്റമടിക്കുന്നതുമുതൽ രാത്രി ഏറെ വൈകി കുടുംബാംഗങ്ങളുടെ ഭക്ഷണം കഴിഞ്ഞ് അടുക്കള വൃത്തിയാക്കി കിടക്കുമ്പോഴേക്കും ഏറെ വൈകും. എത്ര കഷ്ടപ്പെട്ടാലും ഒരു നന്ദി വാക്കുപോലും പറയാതെ കുറ്റങ്ങൾ മാത്രം പറയുന്ന കുടുംബാംഗങ്ങൾ ഒരു വീട്ടമ്മയുടെ കഷ്ടപ്പാട് കാണുന്നില്ല. ഇങ്ങനെയുള്ള വീട്ടമ്മമാർക്ക് ഒരു അംഗീകാരമാണ് സുപ്രീം കോടതി വിധി.
ബീന ഉദയഭാനു, ശ്രീ ഗണേഷ്, മാങ്കാവ്, പാലക്കാട്
അവധി ദിവസങ്ങളോ കൃത്യമായ സമയക്രമമോ ഇല്ലാതെ 24 മണിക്കൂറും വീടിനും കുടുംബത്തിനും വേണ്ടി ജീവിക്കുന്നവരാണ് വീട്ടമ്മമാർ. അവരുടെ ഈ ‘അദൃശ്യ അധ്വാനം' രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടേയും സമൂഹത്തിന്റേയും നിലനിൽപ്പിന്റെ തന്നെ അടിത്തറയാണ്. വീട്ടുജോലിയെ കേവലം സൗജന്യ സേവനമായി കാണുന്ന ചിന്താഗതിക്കാരുടെ കണ്ണ് തുറപ്പിക്കാൻ പോന്നതാണ് ഈ വിധിപ്രസ്താവം. കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും നീതിപൂർവമായ വിധി പ്രസ്താവമാണിത്.
ഷംന സലാം എൽടിഎ (വിഎച്ച്എസ്ഇ) ജിവിഎച്ച്എസ്എസ് അലനല്ലൂർ, മണ്ണാർക്കാട്
കുടുംബങ്ങളിൽ സ്നേഹവും സമാധാനവും കൂട്ടായ്മയും ഈശ്വര വിശ്വാസവും വളർത്തുന്നതിൽ സ്ത്രീകൾ പ്രത്യേകിച്ച് അമ്മമാർക്കുള്ള പങ്ക് വലുതാണ്. അതിന് നിശ്ചിത തുക കൊണ്ട് മൂല്യപ്പെടുത്താനാകില്ലെങ്കിലും അമ്മമാരുടെ സേവനത്തെ പരമോന്നത കോടതി തന്നെ പരിഗണിച്ചത് വളരെ സന്തോഷകരമാണ്. സമൂഹത്തിൽ ഉയർന്ന പദവിയുള്ള പുരുഷൻമാർ ഭാര്യയെ ഹൗസ് വൈഫായി പരിചയപ്പെടുത്തുമ്പോൾ പറയുന്നയാൾക്കും കേൾക്കുന്നവർക്കും എന്തോ കുറവുപോലെ പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇത്തരം സങ്കുചിത ചിന്തകൾ മാറാൻ കോടതിവിധി ഉപകരിക്കും. അതിരാവിലെ എഴുന്നേറ്റ് വീട് വൃത്തിയാക്കലും ഭക്ഷണമൊരുക്കലും മക്കളെ സ്കൂളിലേക്കയക്കലും വീട്ടുപണികളും തുടങ്ങി ഒരു യന്ത്രം പോലെയാണ് വീട്ടിൽ അമ്മയുടെ ജോലികൾ. രാത്രി എല്ലാവരും ഉറക്കത്തിലേക്ക് നീങ്ങുമ്പോഴും അമ്മയുടെ പണി കഴിഞ്ഞിട്ടുണ്ടാകില്ല. സ്ത്രീയും പുരുഷനും ജോലിക്കാരാണെങ്കിലും ഇരുവരും വൈകുന്നേരം വീട്ടിൽ വന്നാൽ പിന്നേയും വീട്ടുപണി ചെയ്യേണ്ടത് അമ്മയാണ്. പരസ്പരമുള്ള സ്നേഹത്തിലും സഹകരണത്തിലും കുടുംബത്തെ നല്ല രീതിയിൽ കൊണ്ടുപോകാൻ കോടതിവിധി ഉപകരിക്കും.
ഓമന മാത്യു, വാണിയപ്പുരയിൽ, പാലക്കുഴി, വടക്കഞ്ചേരി
Tags : Supreme Court's historic decision Nattuvishesham District News