ആലപ്പുഴ: കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയിൽ ദേശീയപാത നിർമാണം ജനങ്ങൾക്ക് ദുരിതമായി മാറുന്നു. നിർമാണത്തിലെ അശാസ്ത്രീയതയ്ക്കും അധികൃതരുടെ അവഗണനയ്ക്കുമെതിരേ നാളെ ജില്ലയിൽ ബഹുജന പ്രക്ഷോഭവും ധർണയും സംഘടിപ്പിക്കാൻ സിപിഐ ജില്ലാ കൗൺസിൽ തീരുമാനിച്ചു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രതിഷേധ മാർച്ച് നടക്കും.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സർവീസ് റോഡുകൾക്ക് സമാന്തരമായി കരാർ കമ്പനി ഓടകൾ നിർമിക്കുന്നത് തികച്ചും അശാസ്ത്രീയമായാണെന്ന് സിപിഐ ആരോപിച്ചു. ഇതേത്തുടർന്ന് ജില്ലയിലുടനീളം വൻ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള നൂറുകണക്കിനു വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. യാത്രക്കാർക്ക് റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്തവിധം പാത പൂർണമായും തകർന്നു. ഇതിനുപുറമേ, ചേർത്തലയിലും കായംകുളത്തും റോഡ് നിർമാണത്തിന്റെ മറവിൽ വ്യാപകമായി നിയമവിരുദ്ധ മണൽക്കൊള്ളയും നടക്കുന്നു.
ദേശീയപാത അഥോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയിൽ പലതവണ സമരങ്ങളിലൂടെയും നിവേദനങ്ങളിലൂടെയും ഈ വിഷയങ്ങൾ എത്തിച്ചിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരവുമായി തെരുവിലിറങ്ങാൻ പാർട്ടി തീരുമാനിച്ചതെന്ന് സിപിഐ ജില്ലാ സെക്രട്ടറി എസ്. സോളമൻ പറഞ്ഞു.
അരൂരിൽ കരാർ കമ്പനിക്കാരുടെ ഓഫീസിലേക്കു നടത്തുന്ന മാർച്ച് പാർട്ടി നാഷണൽ കൗൺസിൽ അംഗം ടി.ടി. ജിസ്മോനും ചേർത്തലയിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി. സത്യനേശനും ചേർത്തല തെക്ക് സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.ബി. ബിമൽ റോയിയും മാരാരിക്കുളത്ത് സിപിഐ ജില്ലാ സെക്രട്ടറി എസ്. സോളമനും ആലപ്പുഴയിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എ. അരുൺ കുമാറും അമ്പലപ്പുഴയിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ജി. കൃഷ്ണപ്രസാദും ഹരിപ്പാട് സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി. മോഹൻദാസും കായംകുളത്ത് സിപിഐ നാഷണൽ കൗൺസിൽ അംഗം ടി.ജെ. ആഞ്ചലോസും സമരപരിപാടികൾ ഉദ്ഘാടനം ചെയ്യും.
Tags : National Highway Nattuvishesham District News