മഞ്ചേരി: പ്രണയം നടിച്ച് 16-കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 24 വര്‍ഷം കഠിന തടവ്. വിവിധ വകുപ്പുകളിലായി 65000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ചീക്കോട് കൊളമ്പലം വെള്ളിശേരി സ്വാലിഹി(22)നെയാണ് ജഡ്ജ് കെ.എസ്. വരുണ്‍ ശിക്ഷിച്ചത്.
മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് 2024 ജൂലൈ മാസത്തിൽ വിവിധ ദിവസങ്ങളില്‍ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയന്നാണ് കേസ്. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തതായും കോഴിക്കോട് ബീച്ച്, മിനി ഊട്ടി എന്നിവിടങ്ങളിലേക്ക് തട്ടിക്കൊണ്ടുപോയെന്നുമാണ് പോലീസിന് ലഭിച്ച പരാതി. ഇന്‍സ്പെക്ടറായിരുന്ന കെ. രാജന്‍ബാബുവാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും.
പോക്സോ ആക്ടിലെ മൂന്ന് (എ) വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവ്, 20,000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ നാല് മാസത്തെ അധിക കഠിന തടവ്, 11(4) വകുപ്പ് പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവ്, 5000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരുമാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. പോക്സോ ഒമ്പത് (എല്‍) വകുപ്പ് പ്രകാരവും വീട്ടില്‍ അതിക്രമിച്ചു കയറിയതിനും അഞ്ച് വര്‍ഷം വീതം കഠിന തടവ്, 15000 രൂപ വീതം പിഴയാണ് ശിക്ഷ, പിഴയടച്ചില്ലെങ്കില്‍ ഇരുവകുപ്പുകളിലും മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കണം. ഇതിനു പുറമെ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മൂന്നു വര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസത്തെ അധിക തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
Tags : nattu vishesham Youth gets 24 years rigorous imprisonment