പേരൂർക്കട: നീണ്ട ഒൻപത് വർഷത്തിനുശേഷം തിരുവനന്തപുരം മൃഗശാലയിൽ സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റ റിൽ നിന്നാണ് രണ്ട് സീബ്രകളെ എത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക ൾ പൂർത്തിയായതായി മന്ത്രി ഒ.ജെ ജനീഷ് അറിയിച്ചു.
2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് എത്തിച്ച സീത 2017-ൽ പ്രായാധിക്യം മൂലം ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യമില്ലാതായത്. ഗുജറാത്തിൽ നിന്നുള്ള മൂന്നും അഞ്ചും വയസുള്ള സീബ്രകളെയാണ് ഇ പ്പോൾ എത്തിക്കുന്നത്. മൃഗശാല വെറ്ററിനറി സർജൻ നികേഷ് കിരൺ ഇവയുടെ ആരോഗ്യസ്ഥിതി ഉറപ്പാക്കി. പ്രത്യേകം തയാറാക്കിയ അനിമൽ ആംബുലൻസിൽ റോഡുമാർഗമാണ് സീബ്രകളെ കൊണ്ടുവരുന്നത്.
ഏകദേശം മൂന്നു ദിവസം നീളുന്ന യാത്രയിൽ വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള സംഘം അനുഗമിക്കും. സീബ്രകളെ കൊണ്ടുവരുന്നതിനു പകരമായി തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും നൽകും.
വർഷങ്ങൾക്കുശേഷം സീബ്രകളെ വീണ്ടും മൃഗശാലയിലെത്തിക്കാൻ കഴിയുന്നത് ഏറെ സന്തോഷകരമാണെന്നും ഓണത്തോടനുബന്ധിച്ച് സീബ്രകളുടെ സാന്നിധ്യം സന്ദർശകർക്ക് പ്രത്യേക വിരുന്നാകുമെന്നും മൃഗശാല ഡയറക്ടർ മഞ്ജുളാദേവി പറഞ്ഞു. മൃഗശാല സൂപ്രണ്ട് ടി.വി. അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്.
Tags : nattu vishesham Zebras arrive Zoo