Editorial Audio
സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി ശക്തീകരണത്തിന്റെ ഭാഗമാണ്. പക്ഷേ, പ്രിയദർശിനിയിലെ വളകിലുക്കത്തിനൊപ്പം രണ്ടു യാഥാർഥ്യങ്ങൾ മുങ്ങിപ്പോയി. ഒന്ന്, സ്ത്രീകൾ കെഎസ്അർടിസിയിലേക്കു മാറിയതോടെ സ്വകാര്യബസുകൾ നഷ്ടത്തിലായി. രണ്ട്, സാന്പത്തികശേഷിയുള്ള സ്ത്രീകൾക്ക് ടിക്കറ്റെടുക്കാൻ താത്പര്യമുണ്ടെങ്കിലും സംവിധാനമില്ല.
കുമിഞ്ഞുകൂടുന്ന നഷ്ടം സ്വകാര്യബസുകൾക്കു മരണമണിയാകുകയാണ്. കെഎസ്ആർടിസിയുടെ നഷ്ടം നികത്താൻ ജനങ്ങളുടെ നികുതിപ്പണമുണ്ട്. സ്വകാര്യബസുടമകൾക്ക് കഴുത്തുവയ്ക്കാൻ ‘ബ്ലേഡ്’ പലിശക്കാരേയുള്ളൂ. സർക്കാർ ഇടപെടണം. ആയിരക്കണക്കിനു സ്ത്രീകൾക്കു കൈത്താങ്ങായ പ്രിയദർശിനി ഓടണം. പക്ഷേ, സ്വകാര്യബസുകളെ ഇടിച്ചുവീഴ്ത്തിയാകരുത്.
ജൂൺ 15ന് പ്രിയദർശിനി പദ്ധതി തുടങ്ങിയതു മുതൽ തങ്ങൾക്ക് ആയിരം മുതൽ നാലായിരം രൂപവരെ പ്രതിദിന നഷ്ടമുണ്ടെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. ഇങ്ങനെ ഏറെനാൾ മുന്നോട്ടു പോകാനാകില്ല. നിരവധി പേർ താത്കാലികമായി സർവീസ് നിർത്താനുള്ള ജി ഫോം നൽകിക്കഴിഞ്ഞു. മൂന്നു മാസം മുതൽ ഒരു വർഷം വരെ നികുതിയും ഇൻഷ്വറൻസും ഒഴിവാക്കുകയാണ് ലക്ഷ്യം.
420 സ്വകാര്യബസുകളുള്ള വയനാട് ജില്ലയിൽ 200 ബസുകൾ ജി ഫോം നൽകി സർവീസ് നിർത്തുമെന്നാണ് റിപ്പോർട്ട്. പെരുകുന്ന ജി ഫോമുകൾ പരിഹാരമല്ല. സർക്കാർപരാജയത്തിന്റെ സർട്ടിഫിക്കറ്റാണ്. ഓട്ടം നിർത്തിയ ബസിലെ തൊഴിലാളികളുടെ വരുമാനനഷ്ടം അവരുടെ കുടുംബങ്ങളെ ബാധിച്ചു. 1,000-1,200 രൂപ ദിവസവേതനം വാങ്ങിയിരുന്ന ജീവനക്കാർ പകുതി ശന്പളത്തിനു പണിയെടുക്കാൻ നിർബന്ധിതരായി.
സ്വന്തം പരാധീനതകളും തിരിച്ചടവുകളും ജീവനക്കാരുടെ കഷ്ടതയുമോർത്ത് പല ബസുടമകളും നഷ്ടമില്ലാതെയെങ്കിലും ബസുകൾ ഓടിക്കാൻ ശ്രമിക്കുകയാണ്. സർക്കാർ ദിവസനികുതിയിൽ 130-150 രൂപ കുറച്ചത് നേരിയ ആശ്വാസമാണെങ്കിലും നഷ്ടംവച്ചു നോക്കുന്പോൾ ഒന്നുമല്ലെന്നാണ് ബസുടമകൾ പറയുന്നത്. കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കഴിഞ്ഞദിവസം സ്വകാര്യബസുകൾ പണിമുടക്കി.
തന്റെ ബസ് ഓടേണ്ട സമയത്ത് പ്രിയദർശിനിയെത്തി എന്നു പറഞ്ഞ്, കട്ടപ്പന-ഉപ്പുതറ റൂട്ടിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ എന്ന സ്വകാര്യബസിന്റെ ഉടമ കെഎസ്ആർടിസി ബസിന്റെ അടിയിൽ കയറിക്കിടന്നു പ്രതിഷേധിച്ചു. നിരവധി ബസുകൾ ജി ഫോം നൽകി ബസുകൾ ഷെഡിൽ കയറ്റുന്നു. തൊഴിലാളീ കുടുംബങ്ങൾ പട്ടിണിയിലാകുന്നു. സർക്കാർ കാഴ്ചക്കാരാകരുത്.
സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെ ശക്തീകരിക്കുന്നത് മറ്റൊന്നിനെ തളർത്തിക്കൊണ്ടാകരുത്. അതുപോലെ, പണം കൊടുത്തു യാത്ര ചെയ്യാൻ മടിയില്ലാത്ത ഉയർന്ന വരുമാനമുള്ള സ്ത്രീകളെ പദ്ധതിയിൽനിന്ന് ഒഴിവാക്കുന്നത് ആലോചിക്കാവുന്നതാണ്. സ്വകാര്യബസുകളിലും സ്ത്രീകൾക്കു സൗജന്യം അനുവദിച്ചാൽ പ്രശ്നം പരിഹരിക്കാം.
അതിനു സാധിക്കുന്നില്ലെങ്കിൽ ഡീസലിനു സബ്സിഡി അനുവദിക്കുക, സ്വകാര്യബസുകൾ സർക്കാർ വാടകയ്ക്ക് എടുത്തു നടത്തുക തുടങ്ങിയ ബസുടമകളുടെ ആവശ്യങ്ങളും പരിഗണിക്കേണ്ടിവരും. 2019ൽ ഡൽഹിയിലാണ് സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഇന്ത്യയിൽ ആദ്യമായി സൗജന്യയാത്ര അനുവദിച്ചത്.
ജമ്മു-ശ്രീനഗർ മുനിസിപ്പാലിറ്റി പരിധി, പശ്ചിമബംഗാൾ, തമിഴ്നാട്, കർണാടക, തെലുങ്കാന, ആന്ധപ്രദേശ്, കേരളം എന്നിവിടങ്ങളിൽ ഇപ്പോഴിതുണ്ട്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിപോലെ സ്ത്രീകളെ ശക്തീകരിച്ചതിൽ ഇതിനു വലിയ പങ്കുണ്ട്. ഉയർന്ന വരുമാനമുള്ള സ്ത്രീകളെ ഒഴിവാകാൻ അനുവദിക്കാമെന്നല്ലാതെ, തുടങ്ങിവച്ച സൗജന്യയാത്ര പിൻവലിക്കൽ ഏതാണ്ട് അസാധ്യമാണ്.
സ്വകാര്യബസുകളെ രക്ഷിക്കാനുള്ള വഴിയാണ് കണ്ടെത്തേണ്ടത്. 30,000ൽ അധികം സ്വകാര്യബസുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 8,000 ബസുകൾ മാത്രമേയുള്ളൂവെന്നും അതിന്റെ ഉത്തരവാദിത്വം ഈ സർക്കാരിനോ പ്രിയദർശിനി പദ്ധതിക്കോ അല്ലെന്നുമാണ് ഗതാഗതമന്ത്രി സി.പി. ജോണ് പ്രതികരിച്ചത്. ഇത് ഭാഗിക യാഥാർഥ്യം മാത്രമാണ്.
നാലിൽ മൂന്നു സ്വകാര്യബസുടമകളും ഈ പണി നിർത്തിയെങ്കിൽ അതു വരുമാനം കുറഞ്ഞതിനാൽ ആയിരിക്കണമല്ലോ. അതേസമയം, കെഎസ്ആർടിസി ഓടുന്നത് വരുമാനം ഉള്ളതുകൊണ്ടല്ല, നഷ്ടം നികത്താൻ ഖജനാവിൽനിന്നു പണം വാരിക്കോരി കൊടുക്കുന്നതുകൊണ്ടാണ്.
അഴിമതിയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥഭാരവുമില്ലാതെ ചെലവു ചുരുക്കിയും ഉടമതന്നെ ബസിൽ പണിയെടുത്തുമൊക്കെയാണ് മിക്ക സ്വകാര്യബസുകളും നഷ്ടമില്ലാതെ ഓടുന്നത്. ഇതിനിടെ ഡീസൽ ചെലവ് വർധിച്ചതും വരുമാനം കുറച്ചു. ആ കുറഞ്ഞ വരുമാനത്തിലാണ് പ്രിയദർശിനി വീണ്ടും വിള്ളൽ വീഴ്ത്തിയത്.
പ്രിയദർശിനി പദ്ധതി ബഹിഷ്കരിക്കണമെന്നു പറഞ്ഞ സിപിഎമ്മിന്റെ വിദ്യാർഥിസംഘടന, സൗജന്യം വിദ്യാർഥികൾക്കും കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 10 വർഷം എസ്എഫ്ഐക്ക് ഒരു സൗജന്യവും ആവശ്യമില്ലായിരുന്നു. രാഷ്ട്രീയ നേരന്പോക്കുകൾക്കല്ല, ക്രിയാത്മക നിർദേശങ്ങൾക്കാണ് സർക്കാർ ചെവി കൊടുക്കേണ്ടത്. അവശേഷിക്കുന്ന ബസുകളും നിന്നുപോയാൽ നഷ്ടം ബസുടമകൾക്കു മാത്രമല്ല, യാത്രക്കാർക്കുംകൂടിയാണ്.
ഓടുന്തോറും നഷ്ടം കൂടുന്ന കെഎസ്ആർടിസി എല്ലായിടത്തുമില്ലെന്നതും സ്വകാര്യബസ് സേവനം കൂടിയാണെന്നതും മറക്കരുത്. പ്രശ്നം പരിഹരിക്കാൻ വൈകുന്ന ഓരോ ദിവസവും ബസുകളുടെ നഷ്ടം വർധിക്കുകയും സ്ഥിതി സങ്കീർണമാകുകയുമാണ്. തെരഞ്ഞെടുപ്പ് തിരക്കിനിടെ പ്രിയദർശിനി പദ്ധതിയിൽ ഗൃഹപാഠം ചെയ്യാൻ സർക്കാർ വിട്ടുപോയിട്ടുണ്ട്. വിദഗ്ധരിൽനിന്നു ട്യൂഷനെടുത്തെങ്കിലും പ്രശ്നം എത്രയും വേഗം പരിഹരിക്കണം.
Tags : EDITORIAL DEEPIKA Priyadarshini Scheme Ksrtc