Editorial Audio
ജീവിതമത്രയും കുഷ്ഠരോഗികൾക്കും ആദിവാസികൾക്കുംവേണ്ടി സമർപ്പിച്ച ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന ധാരാ സിംഗ് ജയിൽമോചിതനാകുകയാണ്. “അദ്ദേഹവും സ്വാതന്ത്ര്യദിനം ആഘോഷിക്കട്ടെ. അതിനു മുമ്പായി തീരുമാനമെടുക്കണം’’- ശിക്ഷായിളവ് പരിശോധിക്കുന്ന അവലോകന സമിതിയോട് സുപ്രീംകോടതി ബെഞ്ച് നൽകിയ നിർദേശമാണിത്.
കേൾക്കുന്പോൾ മനുഷ്യത്വത്തിനു പൊള്ളുമെങ്കിലും, കൊലപാതകികളോടു ക്ഷമിക്കുന്നെന്നു പറഞ്ഞ് ഇന്ത്യ വിട്ട, സ്റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡിസിനെ മറക്കരുത്. സ്റ്റെയിൻസിനും മക്കൾക്കുംമുന്പ് ഒരു കത്തോലിക്കാ വൈദികനെയും ഒരു മുസ്ലിം തുണിക്കച്ചവടക്കാരനെയും ഇതരമതവിദ്വേഷത്താൽ നിഷ്ഠുരമായി കൊന്നതിൽ പ്രതിയായ ധാരാ സിംഗ് സ്വാതന്ത്ര്യം ആഘോഷിക്കട്ടെ, മനുഷ്യനാകട്ടെ. അല്ലെങ്കിൽതന്നെ വിദ്വേഷഫാക്ടറികൾ പുറത്ത് സജീവമായിരിക്കെ ഉത്പന്നങ്ങളിലൊന്നിനെ അകത്ത് സൂക്ഷിച്ചിട്ടെന്തു കാര്യം?
1999ലാണ് ഒഡീഷയില്‍ ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ബജ്രംഗ് ദൾ പ്രവർത്തകരായ ധാരാ സിംഗും മറ്റു 12 പേരുമടങ്ങുന്ന സംഘം, ഉറങ്ങിക്കിടന്ന ജീപ്പിലിട്ടു ജീവനോടെ ചുട്ടുകൊന്നത്. വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും ഒറീസ ഹൈക്കോടതി ജീവപര്യന്തമാക്കി. 2024ലാണ് മോചനത്തിനുള്ള അപേക്ഷ നൽകിയത്. മറ്റൊരു പ്രതി മഹേന്ദ്ര ഹെംബ്രാമിനെ കഴിഞ്ഞ വര്‍ഷം വിട്ടയച്ചതിനു പിന്നാലെയാണ് മുഖ്യപ്രതിയെയും വിട്ടയയ്ക്കുന്നത്.
കേസ് ഇനി പരിഗണിക്കുന്ന ഓഗസ്റ്റ് 19നു മുന്‍പ് സമിതി തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി. ധാരാ സിംഗിന്റെ മോചനത്തെ ഒരു കൊലയാളിയോടുള്ള ധാർമികരോഷമായി മാറ്റിയിട്ടു കാര്യമില്ല. അയാൾ ഒരു വ്യക്തിയല്ല, ഒരു ആശയം ചിട്ടയോടെ വളർത്തിയ വർഗീയവാദിയാണെന്നുകൂടി വിലയിരുത്തേണ്ടതുണ്ട്.
മോചനത്തിനുവേണ്ടിയുള്ള അപേക്ഷയിൽ ധാരാ സിംഗ് പറഞ്ഞ ഒരു കാര്യം മതേതര ഇന്ത്യക്കുള്ള മുന്നറിയിപ്പാണ്. ബ്രിട്ടീഷുകാരും മുഗളന്മാരും ഇന്ത്യയോടു ചെയ്ത ക്രൂരതയോടുള്ള വിഷമത്തിലാണ് താനതു ചെയ്തുപോയതത്രേ. ചരിത്രത്തെ വളച്ചൊടിച്ച് നിരപരാധികൾക്കെതിരേ ആയുധമാക്കുന്ന ആശയത്തിന്റെ സന്തതിയാണ് ധാരാ സിംഗ്.
ബ്രിട്ടീഷുകാർക്കെതിരേ ഈ രാജ്യം ഒറ്റക്കെട്ടായി പൊരുതിയപ്പോൾ അതിൽ പങ്കെടുക്കാതെയും പങ്കെടുത്തവരെ തള്ളിപ്പറഞ്ഞുമൊക്കെ ഒളിച്ചുകളിച്ച പരിവാരങ്ങളിലാണ് അയാളുടെ അംഗത്വം. ധാരാ സിംഗിനെ ആയുധമെടുപ്പിച്ച തീവ്രഹിന്ദുത്വയെന്ന ആശയം, ന്യൂനപക്ഷങ്ങൾ ശത്രുക്കളാണെന്ന നുണ ഇന്നും കുത്തിവച്ചുകൊണ്ടിരിക്കുകയാണ്. ധാരാ സിംഗുമാർ ബിജെപി അധികാരത്തിലെത്തിയതോടെ പശ്ചിമബംഗാളിലും ന്യൂനപക്ഷങ്ങളെ തേടി നിയമഭയമില്ലാതെ ഇറങ്ങിക്കഴിഞ്ഞു. കോൽക്കത്തയ്ക്കടുത്ത് ബരാസത്തിലുള്ള ഓക്സിലിയം സലേഷ്യൻ സിസ്റ്റേഴ്സ് നിയമപരമായി നിർമിച്ച ഒരു ചാപ്പലും സെമിത്തേരിയും ഉടൻ പൊളിച്ചുമാറ്റണമെന്ന് ഒരുസംഘം ആവശ്യപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ചയാണ്. "ഹിന്ദു ജാഗരൺ മഞ്ച്' എന്ന സംഘടനയുമായി ബന്ധമുള്ള അറുപതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.
സലേഷ്യൻ സിസ്റ്റേഴ്സ് വർഷങ്ങളായി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹികക്ഷേമത്തിനുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരാണ്. “നിങ്ങളുടെ സർക്കാർ പോയി. ഇപ്പോൾ ഞങ്ങളുടെ സർക്കാരാണ്” എന്നാണ് അക്രമികൾ പറഞ്ഞത്. ഇത്തരം വർഗീയവാദികൾ ബിജെപിയെ തങ്ങളുടെ സർക്കാരായി കണ്ട് നിയമം കൈയിലെടുക്കുന്നത് പതിവായിക്കഴിഞ്ഞു. ബിജെപി അധികാരത്തിലെത്തിയതു മുതൽ സംഘപരിവാർ ബംഗാളിലെ ക്രൈസ്തവർക്കു നേരേ തിരിഞ്ഞ നിരവധി സംഭവങ്ങളിൽ പുതിയതാണ് മുകളിൽ പറഞ്ഞത്.
പക്ഷേ, എത്ര വൈകിയാലും നാം ഇന്ത്യക്കാർ സ്വന്തം രക്തത്തെ തിരിച്ചറിയും. മതേതര ഇന്ത്യയെ തളർത്തിക്കളഞ്ഞ തീവ്രഹിന്ദുത്വ കാഴ്ചകളിൽ പ്രധാനമായിരുന്നു ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ഉറക്കത്തിൽ ചുട്ടുകൊന്നത്. മറ്റൊന്ന്, ഗുജറാത്ത് കലാപകാരികളിൽനിന്ന് തന്നെ രക്ഷിക്കണമേയെന്നു സുരക്ഷാസേനയോട് കൈകൂപ്പി യാചിക്കുന്ന ഖുത്ബുദീൻ അൻസാരിയുടെ പേടിച്ചുവിറയ്ക്കുന്ന മുഖം. ഒന്നുകൂടിയുണ്ട്; തലയിലൊരു കാവിക്കെട്ടും കൈയിലൊരു ദണ്ഡുമായി, കത്തുന്ന തെരുവിൽ ശത്രുവിനെ തെരയുന്ന അശോക് മോച്ചി. 2014ൽ ഗുജറാത്ത് കലാപത്തിന്റെ 12-ാം വാർഷികത്തിൽ സിപിഎം തളിപ്പറന്പിൽ നടത്തിയ സമ്മേളനത്തിൽ അൻസാരിയും മോച്ചിയും കെട്ടിപ്പിടിച്ചു.
ദളിതനായ തന്നെ വംശഹത്യയുടെ ഭാഗമാക്കുകയായിരുന്നു എന്ന് മുന്‍പ് കുറ്റസമ്മതം നടത്തിയിരുന്ന മോച്ചി അന്ന് കുത്ബുദീനു പൂക്കൾ കൊടുത്തു. മോച്ചിയെ അൻസാരി സഹോദരനെന്നു വിളിച്ചു. തങ്ങൾ ഗുജറാത്തികളാണെങ്കിലും അവിടെ ഇത്തരമൊരു കൂടിക്കാഴ്ച സാധ്യമല്ലെന്നും മോച്ചി പറഞ്ഞു.രാജ്യത്തെ വർഗീയതയിൽ തളച്ചിടുന്ന വിദ്വേഷത്തിന്റെ ചതുപ്പുനിലങ്ങളിൽനിന്നു നമുക്ക് മുന്നോട്ടു പോകാനുണ്ട്.
ഒരിക്കലും ഒന്നിക്കാനാകില്ലെന്നു കരുതിയ കുത്ബുദീനും മോച്ചിക്കും ആശ്ലേഷിക്കാനും തളിപ്പറന്പിലെ ഒരു മുറിയിൽ ഒന്നിച്ചു താമസിക്കാനും കഴിഞ്ഞെങ്കിൽ നമുക്ക് വീണ്ടെടുക്കാനാകാത്തത് ഒന്നുമില്ല. ഗ്രഹാം സ്റ്റെയിൻസിനെയും കുഞ്ഞുങ്ങളെയും കൊന്ന അതേ വർഷം, ക്രിസ്ത്യാനിയായതുകൊണ്ടു മാത്രം അരുൾദാസ് എന്ന വൈദികനെ അന്പെയ്തു കൊല്ലുകയും ഷെയ്ക് റഹിമാൻ എന്ന തുണിക്കച്ചവടക്കാരനെ മുസ്ലിം ആയതുകൊണ്ടു മാത്രം പശുക്കടത്ത് ആരോപിച്ച് വെട്ടിയും കത്തിച്ചും കൊല്ലുകയും ചെയ്ത ധാരാ സിംഗ് മനുഷ്യത്വത്തെ പുൽകുമോയെന്നു നമുക്കറിയില്ല.
പക്ഷേ, വെറുപ്പിന്റെ കോട്ടകളിൽനിന്ന് ഒരാളെയെങ്കിലും മോചിപ്പിക്കാനാകുമെങ്കിൽ അതിനായി സ്വന്തം മുറിവുകളെ മറക്കാൻതക്കവിധമുള്ള ത്യാഗം സമകാലിക ഇന്ത്യ നമ്മോട് അപേക്ഷിക്കുന്നു. 80-ാം സ്വാതന്ത്ര്യദിനമാണ് പടിവാതിൽക്കൽ. വർഗീയതയ്ക്ക് അടിമപ്പെടരുത്.
Tags : DEEPIKA EDITORIAL