Editorial Audio
ലോകം കേട്ടുമടുത്ത കാര്യമാണ് ലെയോ പതിനാലാമൻ മാർപാപ്പ മൊണാക്കോയിൽ ആവർത്തിച്ചത്. “ധനികരും ദരിദ്രരും തമ്മിലുള്ള വിടവ് വർധിക്കുന്നു.’’ പക്ഷേ, കേട്ടു പഴകിയതുകൊണ്ട് യാഥാർഥ്യത്തെ തിരസ്കരിക്കാനാകില്ല. പൂജ്യം ദാരിദ്ര്യനിരക്കുള്ള ഒരു സന്പന്നരാജ്യത്തെ സന്ദർശനത്തിനിടെ മാർപാപ്പ ഇതു പറഞ്ഞത്, പ്രധാനമായും വിഷയം സാർവത്രികമായതിനാലാണ്.
മറ്റൊന്ന്, ഏറ്റവും ഉയർന്ന ശരാശരി സമ്പത്തുള്ള രാജ്യങ്ങളിലൊന്നായ മൊണാക്കോയിൽപോലും ഉയർന്ന ജീവിതച്ചെലവ് സാധാരണക്കാരെ ബാധിക്കുന്നു. സന്പന്നരാജ്യങ്ങളിലും സാധാരണക്കാരുടെ ജീവിതം ക്ലേശകരമാണെന്ന യാഥാർഥ്യത്തെയും മാർപാപ്പ അഭിസംബോധന ചെയ്തിരിക്കുന്നു. യുദ്ധങ്ങളും വിനാശകരമായ തീരുമാനങ്ങളും ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുന്പോൾ നിസംഗത വെടിയാനുള്ള ഈ ആഹ്വാനം സർക്കാരുകളോടു മാത്രമല്ല, വ്യക്തികളോടും കൂടിയാണ്.
മൊണാക്കോയിലെ ഒന്പതു മണിക്കൂർ സന്ദർശനത്തിനിടെ ഓശാന ഞായറാഴ്ചയുടെ തലേന്നായിരുന്നു മാർപാപ്പയുടെ പ്രസംഗം. ധനികരും ദരിദ്രരും തമ്മിലുള്ള വിടവ് വർധിക്കുകയാണെന്ന് ഓർമിപ്പിച്ച മാർപാപ്പ മൊണാക്കോയിലെ ജനങ്ങളോട് തങ്ങളുടെ സന്പത്തും സ്വാധീനവും ലോകനന്മയ്ക്കായി ഉപയോഗിക്കാൻ ആഹ്വാനം ചെയ്തു. “അനീതിയുടെ അധികാരവിന്യാസത്തെയും സന്പന്നർക്കും ദരിദ്രർക്കും, സംരക്ഷിതർക്കും തിരസ്കൃതർക്കും, ശത്രക്കൾക്കും മിത്രങ്ങൾക്കും ഇടയിലുള്ള വിടവ് വർധിപ്പിക്കുന്ന പാപത്തിന്റെ ഘടനയെയും അപലപിക്കേണ്ടതാണ്.
ഇവിടെ ജീവിക്കുക എന്നതു ചിലർക്ക് ഒരു പദവിയാണ്, എന്നാൽ എല്ലാവരുടെയും കാര്യത്തിലാണെങ്കിൽ ഇത് ലോകത്തിലെ സ്വന്തം സ്ഥാനത്തെ ചോദ്യം ചെയ്യാനുള്ള ഒരു പ്രത്യേക ആഹ്വാനവുമാണ്. സമ്പത്ത് നിയമത്തെയും നീതിയെയും സേവിക്കണം, പ്രത്യേകിച്ച് ശക്തി പ്രകടനങ്ങളും സർവശക്തിയുടെ യുക്തിയും ലോകത്തെ മുറിവേൽപ്പിക്കുകയും സമാധാനത്തെ അപകടപ്പെടുത്തുകയും ചെയ്യുന്ന ഈ ചരിത്ര നിമിഷത്തിൽ.’’ യുദ്ധസാഹചര്യത്തെയും അദ്ദേഹം ഓർമിപ്പിച്ചു.
“രാഷ്ട്രങ്ങൾ ആയുധങ്ങൾക്കല്ല, ചർച്ചകൾക്കാണ് മുൻഗണ നൽകേണ്ടത്. യുദ്ധവും സംഘർഷങ്ങളും ലോകത്തെ തകർക്കുന്പോൾ സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കണം.’’കോടീശ്വരന്മാരുടെ തുരുത്തായ രാജ്യത്ത്, ചൂതാട്ടകേന്ദ്രങ്ങളുടെ വിളിപ്പാടകലെ ആൽബർട്ട് രണ്ടാമൻ രാജകുമാരന്റെ കൊട്ടാരത്തിന്റെ ബാൽക്കണിയിൽനിന്നാണ് മാർപാപ്പ ആദ്യം ആ രാജ്യത്തെ അഭിസംബോധന ചെയ്തത്. ഷാംപെയ്ൻ നുണഞ്ഞുകൊണ്ട് ചിലർ തങ്ങളുടെ ബാൽക്കണിയിലിരുന്ന് ആ പ്രസംഗം കേട്ടു എന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോർട്ട്.
മൊണാക്കോയിലെ ഈ കാഴ്ച ഒരുവിധത്തിൽ ലോകത്തിന്റെതന്നെ പ്രതിഫലനമാണ്. ദാരിദ്ര്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളിലെ റിപ്പോർട്ടുകളും ദുരന്തഫലങ്ങളും ഭക്ഷണപാനീയങ്ങൾ ആസ്വദിക്കുന്നതിനൊപ്പം കണ്ടുംകേട്ടും മറക്കുന്ന നിസംഗതയുടെ പ്രതീകം. വിശുദ്ധവാരത്തിനു തുടക്കമിടുന്ന ഓശാനത്തലേന്ന് കത്തോലിക്കാ ഭൂരിപക്ഷമായ രാജ്യത്തുനിന്നുള്ള മാർപാപ്പയുടെ ഈ ദരിദ്രപക്ഷ സന്ദേശം സുവിശേഷത്തിന്റെ തുടർച്ചയായി സ്വീകരിക്കപ്പെടേണ്ടതാണ്.
നാൽപത്തിനായിരത്തിൽ താഴെ ജനസംഖ്യയുള്ള മൊണാക്കോയുടെ വിസ്തൃതി 116 ഹെക്ടറാണ്. വത്തിക്കാൻ കഴിഞ്ഞാൽ ലോകത്ത് രണ്ടാമത്തെ ചെറിയ രാജ്യം. ജനങ്ങളിൽ 32 ശതമാനവും ശതകോടീശ്വരന്മാരാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ കൈയിലൽ പണം കൂടുതലുണ്ടെന്നു പറയാമെങ്കിലും ജീവിതച്ചെലവ് സാധാരണക്കാർക്ക് താങ്ങാനാകാത്തവിധം ഉയർന്നതാണ്.
ആഗോള ധനിക-ദരിദ്ര അന്തരത്തിന്റെ പ്രാദേശിക യാഥാർഥ്യങ്ങളിലൊന്നാണിത്. മുതലാളിത്തവും അവരോടുള്ള ചങ്ങാത്തമെന്ന അഴിമതിയാൽ നിലനിർത്തപ്പെടുന്ന ഭരണകൂടങ്ങളുമാണ് ഈ വിടവ് ആഴപ്പെടുത്തുന്നത്. ലോകത്തെ 800 കോടി മനുഷ്യരിൽ 500 കോടിയിലധികംപേരും ദരിദ്രരാണെന്നും അവർ കൂടുതൽ ദരിദ്രരായിക്കൊണ്ടിരിക്കുന്നുവെന്നുമാണ് ദാരിദ്ര്യം, അനീതി, അസമത്വം എന്നിവയ്ക്കെതിരേ പോരാടുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ഓക്സ്ഫാം റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം, യുദ്ധങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവ സ്ഥിതി കൂടുതൽ വഷളാക്കുന്നു.
സന്പന്നരാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. പക്ഷേ, ഇസ്രയേൽ, അമേരിക്ക-ഇറാൻ യുദ്ധ പശ്ചാത്തലത്തിലെ പാചകവാതകക്ഷാമം എന്ന ഒറ്റ ഘടകത്തിൽപോലും ദരിദ്രർ ഇക്കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ കൂടുതൽ ദരിദ്രരായിക്കഴിഞ്ഞു. ഹോട്ടലുകളും ബേക്കറികളും അടഞ്ഞുതുടങ്ങിയതോടെ രാജ്യത്ത് ലക്ഷക്കണക്കിനാളുകൾക്കു തൊഴിലില്ലാതായി. ആ തൊഴിൽരഹിതരുൾപ്പെടെ പാവപ്പെട്ടവരുടെ ജീവിതച്ചെലവ് വർധിച്ചു.
കോവിഡ് കാലത്ത് സ്ഥിതി ഇതിലും ഭയാനകമായിരുന്നു. അതിസന്പന്നരെയും ഭരണകൂടങ്ങളെയുമൊന്നും ഇത് അലോസരപ്പെടുത്തുന്നില്ല. “പാപത്തിന്റെ ഈ ഘടന’’ യെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പയെപ്പോലെ ലെയോ മാർപാപ്പയും ആവർത്തിച്ചു പറയുന്നു. എന്നാൽ, ഭരണകൂടങ്ങൾ നിസംഗരാകുന്പോൾ വിമർശകരും കാഴ്ചക്കാരുമായി നിൽക്കുകയല്ല വ്യക്തികൾ ചെയ്യേണ്ടത്.
നീതിയുടെ നടത്തിപ്പിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ദരിദ്രരെ തിരിച്ചറിഞ്ഞിട്ടും, അക്കൗണ്ടിലായും കൈമുതലായും, ആവശ്യത്തിലേറെയുള്ള സന്പത്ത് സ്വകാര്യമായി നിലനിർത്തിക്കൊണ്ട് നീതിയെക്കുറിച്ചു വിലപിക്കുന്നവരും ചേർന്നാണ് അനീതിയുടെ വിള്ളലുകളെ ഗർത്തങ്ങളാക്കിയത്. തങ്ങളുടെ സന്പത്തും സ്വാധീനവും ലോകനന്മയ്ക്കായി ഉപയോഗിക്കാനുള്ള മാർപാപ്പയുടെ ആഹ്വാനം അവരോടു മാത്രമല്ല, നമ്മോടുമുള്ളതാണ്.
Tags : EDITORIAL