തിരുവനന്തപുരം: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന 39 ടെക്നിക്കൽ ഹൈസ്കൂളുകളിലേക്ക് 2026-27 അധ്യയന വർഷത്തേക്കുള്ള ഓൺലൈൻ പ്രവേശന നടപടികൾ ആരംഭിച്ചു. എട്ടാം ക്ലാസിലേക്കാണ് പ്രവേശനം.
താത്പര്യമുള്ള വിദ്യാർഥികൾക്ക് https://ths.polyadmission. org/, www. polyadmission. org/ths വെബ്സൈറ്റിലൂടെ ഏപ്രിൽ ആറുവരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. യോഗ്യരായ അപേക്ഷകരിൽ നിന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്.
ഓരോ ടെക്നിക്കൽ ഹൈസ്കൂളുകളിലേക്കും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളേക്കാൾ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിൽ മാത്രമേ അഭിരുചി പരീക്ഷ ഉണ്ടായിരിക്കുകയുള്ളൂ. ഏഴാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി വിഷയങ്ങളിൽ നിന്നുമായിരിക്കും അഭിരുചി പരീഷയ്ക്കുള്ള ചോദ്യങ്ങൾ. അഭിരുചി പരീക്ഷ ഏപ്രിൽ ഒന്പതിനു രാവിലെ 10 മുതൽ 11.30 വരെ അതാത് ടെക്നിക്കൽ ഹൈസ്കൂളുകളിൽ നടത്തും.
തെരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടിക ഏപ്രിൽ 9ന് അതാത് ടെക്നിക്കൽ ഹൈസ്കൂളുകളിൽ പ്രസിദ്ധീകരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ചുള്ള വിവരങ്ങൾക്കും: https:// ths.polyadmission.org, www.polyadmission.org/ths.
Tags : Technical High School admission