പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിലെ നിയമപഠന പ്രവേശന പരീക്ഷകളിൽ സുപ്രധാനമായ മാറ്റം വരുന്നു. അടുത്ത അധ്യയന വർഷം മുതൽ എൽഎൽബി പ്രവേശന പരീക്ഷകൾ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയിൽ നടത്താൻ സർക്കാർ അനുമതി നൽകി.
വിദ്യാർഥികളുടെ ആവശ്യവും മാതൃഭാഷാ നയവും മുൻനിർത്തി, എൽഎൽബി പ്രവേശന പരീക്ഷാ ചോദ്യങ്ങൾ മലയാളത്തിൽ കൂടി ലഭ്യമാക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജിഎം. ജോണ് നൽകിയ നിർദേശത്തെ തുടർന്നാണ് നിർണായക തീരുമാനം. മലയാളം ഐക്യവേദിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിഷയത്തിലെ സാങ്കേതികതടസങ്ങൾ പരിഹരിച്ചാണ് പരീക്ഷ മലയാളത്തിലും ലഭ്യമാക്കാൻ തീരുമാനിച്ചത്. ചോദ്യപേപ്പർ വിവർത്തനം ചെയ്യുന്നതിലെ കൃത്യത ഉറപ്പാക്കാനും പരീക്ഷയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനുമായി നിയമപരിജ്ഞാനമുള്ള വിദഗ്ധരുടെ പാനൽ തയാറാക്കുക, ആധുനിക സോഫ്റ്റ്വേർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ സർക്കാർ പരിഗണിച്ച് കുറ്റമറ്റ രീതിയിലാകും പ്രവേശന പരീക്ഷ നടത്തുക.
വിവർത്തനത്തിൽ എന്തെങ്കിലും അർഥവ്യത്യാസമോ ആശയക്കുഴപ്പമോ ഉണ്ടായാൽ ഇംഗ്ലീഷ് ചോദ്യമായിരിക്കും അന്തിമമായി പരിഗണിക്കുക എന്ന വ്യവസ്ഥയും പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തും.
പരീക്ഷ മലയാളത്തിൽകൂടി എഴുതാൻ അവസരമൊരുങ്ങുന്നത് നിയമപഠനം ആഗ്രഹിക്കുന്ന മലയാളികളായ വിദ്യാർഥികൾക്ക് ആശ്വാസമാകും. പ്രവേശന പരീക്ഷയുടെ ഗുണനിലവാരം ചോരാതെ കൂടുതൽ വിദ്യാർഥീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യപേപ്പർ ദ്വിഭാഷാ രീതിയിലേക്കു മാറ്റുന്നതെന്നു മന്ത്രി റോജി എം. ജോണ് പറഞ്ഞു.
Tags : LLB EntranceExam Malayalam Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship