പ്രതീകാത്മക ചിത്രം
കുട്ടികൾ ഉറങ്ങുമ്പോൾ ശബ്ദമുണ്ടാക്കുന്നത് അല്ലെങ്കിൽ കുറുകുന്നത് (Snoring) കാണുമ്പോൾ പല മാതാപിതാക്കളും കരുതുന്നത് അവർ സുഖമായി ഉറങ്ങുകയാണെന്നാണ്. എന്നാൽ വൈദ്യശാസ്ത്രപരമായി കുട്ടികളിലെ ഉറക്കത്തിലുള്ള കുറുകൽ ഒരിക്കലും സാധാരണമായ ഒന്നല്ല.
മുതിർന്നവരിൽ കൂർക്കം വലി സാധാരണയായി കണ്ടുവരാറുണ്ടെങ്കിലും വളരുന്ന പ്രായത്തിലുള്ള കുട്ടികളിൽ ഇത് പലപ്പോഴും ശ്വാസതടസത്തിന്റെയോ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയോ സൂചനയാകാം.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് തടസം സൃഷ്ടിക്കുന്ന ഇത്തരം അവസ്ഥകളെക്കുറിച്ച് മാതാപിതാക്കൾ കൃത്യമായി മനസിലാക്കേണ്ടതുണ്ട്.
എന്തുകൊണ്ടാണ് കുട്ടികൾ ഉറക്കത്തിൽ കുറുകുന്നത്തിന്റെ പിന്നിലെ കാരണങ്ങൾ
കുട്ടികളിൽ കുറുകലുണ്ടാകാനുള്ള പ്രധാന കാരണം ശ്വാസകോശത്തിലേക്ക് വായു സഞ്ചരിക്കുന്ന നാളത്തിലുണ്ടാകുന്ന തടസങ്ങളാണ്.
ഉറങ്ങുമ്പോൾ തൊണ്ടയിലെയും മൂക്കിലെയും പേശികൾ അയയുമ്പോൾ വായുപ്രവാഹത്തിന് തടസ്സം നേരിടുകയും കോശങ്ങൾ കമ്പനം ചെയ്ത് കുറുകൽ ശബ്ദം ഉണ്ടാകുകയും ചെയ്യുന്നു.
ശാസ്ത്രീയമായി ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:
അഡെനോടോൺസിലാർ ഹൈപ്പർട്രോഫി: കുട്ടികളുടെ പ്രതിരോധവ്യവസ്ഥയുടെ ഭാഗമായ തൊണ്ടയിലെ ടോൺസിലുകളും മൂക്കിന് പിന്നിലെ അഡെനോയിഡുകളും അണുബാധയോ അലർജിയോ മൂലം വലുതാകുമ്പോൾ ശ്വാസനാളത്തിന്റെ വ്യാപ്തി ഗണ്യമായി കുറയുന്നു. ഇതാണ് കുട്ടികളിലെ കുറുകലിന്റെ പിന്നിലെ പ്രധാന കാരണം.
അപ്പർ എയർവേ റെസിസ്റ്റൻസ്: ശ്വാസനാളത്തിന്റെ മുകൾഭാഗത്ത് ഉണ്ടാകുന്ന നേരിയ തടസം പോലും ശ്വാസോച്ഛ്വാസം സാധ്യമാക്കാൻ കുട്ടിക്ക് കൂടുതൽ ബലം പ്രയോഗിക്കേണ്ട അവസ്ഥ ഉണ്ടാക്കുന്നു. വായുപ്രവാഹം സുഗമമല്ലാതാകുമ്പോൾ ഉണ്ടാകുന്ന ഘർഷണമാണ് കുറുകലിന് പ്രധാനമായും വഴിവെക്കുന്നത്.
അലർജിക് റൈനൈറ്റിസും മൂക്കടപ്പും: അലർജി മൂലം മൂക്കിനുള്ളിലെ സാന്ദ്രതയേറിയ കോശങ്ങളിൽ നീർക്കെട്ടുണ്ടാകുമ്പോൾ മൂക്കിലൂടെയുള്ള ശ്വസനം തടസ്സപ്പെടുകയും കുട്ടി വായ തുറന്ന് ശ്വസിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
വായ തുറന്നുള്ള ശ്വസനം തൊണ്ടയിലെ പേശികളുടെ സ്ഥിരത ഇല്ലാതാക്കുകയും ഉറക്കത്തിൽ ശ്വാസനാളം കൂടുതൽ ഇടുങ്ങാൻ കാരണമാവുകയും ചെയ്യുന്നു.
ക്രാനിയോഫേഷ്യൽ ഘടനയിലെ പ്രത്യേകതകൾ (Craniofacial Features): ജനിതക കാരണങ്ങളാൽ താടിയെല്ലിന്റെ ഘടനയിലുണ്ടാകുന്ന പ്രത്യേകതകളായ ഇടുങ്ങിയ മേൽത്താടി, പിന്നിലേക്ക് നീങ്ങിയിരിക്കുന്ന കീഴ്താടി തുടങ്ങിയ അവസ്ഥകൾ നാവിനെ പുറകോട്ട് തള്ളുകയും മലർന്നു കിടന്നുറങ്ങുമ്പോൾ ശ്വാസനാളത്തെ പൂർണ്ണമായോ ഭാഗികമായോ അടയ്ക്കുകയും ചെയ്യുന്നു.
അമിതവണ്ണവും കൊഴുപ്പടിയലും: കുട്ടികളിലെ അമിതവണ്ണം മൂലം കഴുത്തിന് ചുറ്റും ശ്വാസനാളത്തിന് സമീപമുള്ള പേശികളിൽ കൊഴുപ്പ് അടിയുന്നു. ഇത് ഉറങ്ങുമ്പോൾ ശ്വാസനാളത്തിൽ പുറത്തുനിന്ന് സമ്മർദ്ദം ചെലുത്തുകയും ശ്വാസതടസ്സം ഇരട്ടിയാക്കുകയും ചെയ്യുന്നു.
കുട്ടികളിലെ കുറുകൽ തുടർച്ചയായി നിൽക്കുകയാണെങ്കിൽ അത് ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ എന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാം. ഉറക്കത്തിനിടയിൽ കുറച്ചു നിമിഷങ്ങളിലേക്ക് ശ്വാസോച്ഛ്വാസം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്ന അവസ്ഥയാണിത്.
ഇത് രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹത്തെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ ഉറക്കം ഇടയ്ക്കിടെ തടസപ്പെടുന്നതിനാൽ കുട്ടിക്ക് ആഴത്തിലുള്ള ഉറക്കം ലഭിക്കാതെ വരുന്നു.
ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ
കുട്ടികളിലെ കുറുകൽ "ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ' അല്ലെങ്കിൽ ശ്വാസതടസത്തിന്റെ സൂചനയാണോ എന്ന് തിരിച്ചറിയാൻ രാത്രിയിലും പകൽസമയത്തും പ്രകടമാകുന്ന ഈ ലക്ഷണങ്ങൾ നിരീക്ഷിക്കുക:
രാത്രികാലങ്ങളിലെ ലക്ഷണങ്ങൾ
കുട്ടികളിൽ രാത്രികാലങ്ങളിൽ പ്രകടമാകുന്ന പ്രധാന ലക്ഷണങ്ങളിലൊന്ന് സ്ഥിരമായി ഉണ്ടാകുന്ന അമിതമായ കുറുകലാണ്. ഉറക്കത്തിനിടയിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, കിതപ്പോടെയോ നെഞ്ചുയർത്തി വായ തുറന്നോ പെട്ടെന്ന് ഞെട്ടിയുണരുക എന്നിവ ഈ അവസ്ഥയുടെ പ്രധാന സൂചനകളാണ്.
മൂക്കടപ്പ് കാരണം ഉറങ്ങുമ്പോൾ സ്ഥിരമായി വായ തുറന്ന് ശ്വാസമെടുക്കുന്നതും തലയിണയിൽ അമിതമായി ഉമിനീര് ഒലിച്ചിറങ്ങുന്നതും ഇതിന്റെ ഭാഗമായി കാണപ്പെടാം.
കൂടാതെ ഉറക്കത്തിലെ ശ്വാസതടസം മൂലം ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാരണം, മുൻപ് മൂത്രമൊഴിക്കുന്നത് സ്വയം നിയന്ത്രിക്കാൻ സാധിച്ചിരുന്ന കുട്ടികൾ വീണ്ടും രാത്രികാലങ്ങളിൽ കിടക്കയിൽ മൂത്രമൊഴിച്ചു തുടങ്ങാറുണ്ട് (Secondary Enuresis).
അസ്വാഭാവികമായ കിടപ്പുരീതികളും വസ്ത്രങ്ങൾ നനയുംവിധം അമിതമായി വിയർക്കുന്നതും കുട്ടികളിലെ ഉറക്കത്തിലുള്ള ശ്വാസതടസത്തിന്റെ വ്യക്തമായ ലക്ഷണങ്ങളാണ്.
പകൽസമയത്തെ ലക്ഷണങ്ങൾ:
രാത്രിയിൽ ആവശ്യത്തിന് ഗാഢനിദ്ര ലഭിക്കാത്തതും തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്താതിരിക്കുന്നതും കുട്ടികളിൽ പകൽ സമയത്ത് പലവിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.
രാവിലെ ഉണരുമ്പോൾ അമിതമായ വരൾച്ച, തൊണ്ടവേദന, തലവേദന എന്നിവ അനുഭവപ്പെടുന്നതിനൊപ്പം പകൽസമയത്ത് വിട്ടുമാറാത്ത ക്ഷീണവും ഉറക്കംതൂങ്ങലും ഇവർ പ്രകടമാകാറുണ്ട്.
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക കാര്യങ്ങൾ വേഗത്തിൽ മറന്നുപോവുക എന്നിവ കാരണം പഠനത്തിൽ പിന്നാക്കം പോകാനും സാധ്യതയേറെയാണ്.
കൃത്യമായ ഉറക്കം ലഭിക്കാത്തതുമൂലം അനാവശ്യമായ ദേഷ്യം, വാശി, നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക അല്ലെങ്കിൽ അമിത ഉന്മേഷം (Hyperactivity) പോലെയുള്ള പെരുമാറ്റ വൈകല്യങ്ങളും കുട്ടികൾ പ്രകടിപ്പിക്കാം.
കൂടാതെ ശാരീരിക വളർച്ചയ്ക്ക് ആവശ്യമായ "ഗ്രോത്ത് ഹോർമോണുകൾ' ഉത്പാദിപ്പിക്കപ്പെടുന്നത് പ്രധാനമായും ആഴത്തിലുള്ള ഉറക്കത്തിലായതിനാൽ ഇത്തരം ശ്വാസതടസങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് കുട്ടികളിൽ പ്രായത്തിനനുസരിച്ചുള്ള ഭാരവും ഉയരവും വയ്ക്കാതിരിക്കുന്ന വളർച്ചാ മന്ദതയ്ക്കും കാരണമാകുന്നു.
വളർച്ചയെയും പെരുമാറ്റത്തെയും എങ്ങനെ ബാധിക്കുന്നു?
സുഖകരമായ ഉറക്കത്തിലാണ് കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ "ഗ്രോത്ത് ഹോർമോണുകൾ' ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ശരിയായ ഉറക്കം ലഭിക്കാത്ത കുട്ടികളിൽ ശാരീരിക വളർച്ച മന്ദഗതിയിലാകാം.
കൂടാതെ പകൽ സമയത്തെ പെരുമാറ്റ വൈകല്യങ്ങൾക്ക് ഇത് കാരണമാകുന്നു. പലപ്പോഴും കുട്ടികളിലെ ഈ ശ്രദ്ധക്കുറവും അസ്വസ്ഥതയും ശ്രദ്ധിച്ച് മാതാപിതാക്കൾ ഇത് എഡിഎച്ച്ഡി (Hyperactivity Disorder) ആണെന്ന് തെറ്റിധരിക്കാറുണ്ട്.
കൃത്യസമയത്ത് ചികിത്സ നൽകാതിരുന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ കുട്ടികളിൽ രക്തസമ്മർദ്ദം, ഹൃദയാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇത് വഴിവയ്ക്കാം.
ചികിത്സയും പരിഹാര മാർഗങ്ങളും
കുട്ടി സ്ഥിരമായി കുറുകുന്നുണ്ടെങ്കിൽ വൈകാതെ തന്നെ ഒരു ഇഎൻടി വിദഗ്ധനെയോ പീഡിയാട്രീഷ്യനെയോ കാണിക്കേണ്ടതാണ്.
രോഗനിർണയം: എൻഡോസ്കോപ്പി പരിശോധനയിലൂടെയോ അല്ലെങ്കിൽ ആവശ്യമെങ്കിൽ 'സ്ലീപ്പ് സ്റ്റഡി' (Polysomnography) വഴിയോ ശ്വാസതടസത്തിന്റെ വ്യാപ്തി കണ്ടെത്താം.
മരുന്നുകൾ: അലർജി മൂലം ഉണ്ടാകുന്ന മൂക്കടപ്പും നീർക്കെട്ടും അലർജി മരുന്നുകൾ കൊണ്ടും മൂക്കിൽ ഒഴിക്കുന്ന നേസൽ സ്പ്രേകൾ കൊണ്ടും മാറ്റിയെടുക്കാം.
ശസ്ത്രക്രിയ: ടോൺസിലോ അഡെനോയിഡോ അമിതമായി വലുതായി ശ്വാസതടസ്സം ഉണ്ടാക്കുന്നുവെങ്കിൽ "അഡെനോടോൺസിലക്റ്റമി' എന്ന ലളിതമായ ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യാം. ഇതിലൂടെ കുറുകൽ പൂർണ്ണമായും മാറ്റാൻ സാധിക്കും.
ജീവിതശൈലി: അമിതവണ്ണമുള്ള കുട്ടികളിൽ ഭക്ഷണക്രമീകരണവും ദിനചര്യയിലെ മാറ്റങ്ങളും വഴി ഭാരം കുറയ്ക്കുന്നത് ആശ്വാസം നൽകും.
കുട്ടികളുടെ കാണപ്പെടുന്ന കുറുകൽ ഒരു സുഖകരമായ ഉറക്കത്തിന്റെ ലക്ഷണമായി കണ്ട് തള്ളിക്കളയരുത്. അത് ശരീരം നൽകുന്ന ഒരു മുന്നറിയിപ്പാണ്.
കൃത്യസമയത്തുള്ള പരിശോധനയും വിദഗ്ധ ചികിത്സയും വഴി കുട്ടിക്ക് സുഖകരമായ ഉറക്കവും ആരോഗ്യപൂർണമായ ഭാവിയും ഉറപ്പാക്കാൻ മാതാപിതാക്കൾക്ക് സാധിക്കും.
കൂടുതൽ വിവരങ്ങൾ: ഡോ. അനിത ടി.വി
ഇ.എൻ.ടി വിഭാഗം മേധാവി, സർജൻ, അലർജി ആസ്ത്മ സ്പെഷ്യലിസ്റ്റ്
ആസ്റ്റർ മിംസ് കോട്ടക്കൽ