പ്രതീകാത്മകചിത്രം
കപ്പയും കരിമ്പും ഒക്കെ കഴിച്ചിരുന്ന കാലത്ത് ഒരു പരിധിവരെ പല്ലുകൾ അതിലൂടെ ക്ലീൻ ചെയ്യപ്പെടുമായിരുന്നു. ആധുനിക ഭക്ഷണ രീതിയിൽ വളരെയധികം പറ്റിപ്പിടിച്ചിരിക്കുന്ന അംശങ്ങൾ ഉള്ളതുകൊണ്ട് പല്ലിലും മോണയിലും അത് പറ്റിയിരുന്ന് പല അസുഖങ്ങൾക്കും കാരണമാകാൻ സാധ്യത കൂടുന്നു. കൃത്യമായ പല്ലുതേപ്പും വർഷത്തിലൊരിക്കലെങ്കിലും ഡോക്ടർ നടത്തുന്ന പരിശോധനയും ക്ലീനിഗും വഴി അജീവനാന്തം പല്ലുകളെ നിലനിർത്താനാവും.
ഡെന്റൽ ഫ്ളോസ്
പല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതും എന്നാൽ ടൂത്ത് ബ്രഷ് ഉപയോഗിച്ചു വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ളതുമായ ആഹാര പദാർഥങ്ങളെ നീക്കംചെയ്യാൻ ഉപയോഗിക്കുന്ന വസ്തുവാണ് ഇത്. കൈകളിൽ ചുറ്റി എല്ലാ പല്ലിനുമിടയിൽ കയറ്റി ഇറക്കാൻ പറ്റുന്ന ഒരു നൂലാണ് ദന്തൽ ഫ്ലോസ്. എല്ലാ പല്ലുകളുടെയും ഇടയിൽ കയറിയിരിക്കുന്ന അഴുക്കുകളെ നീക്കം ചെയ്യാൻ ഏറ്റവും ഉചിതമായുള്ള മാർഗമാണ് ഫ്ലോസിംഗ്. മോണയുടെ ആരോഗ്യത്തിനും രണ്ടു പല്ലുകൾക്കിടയിൽ പോട് വരാതിരിക്കാനും ഈ രീതി വളരെ ഫലപ്രദം.
നൂലുപോലുള്ള വസ്തു (ഡെന്റൽ ഫ്ളോസ്) ഉപയോഗിച്ചാണു ചെയ്യുന്നത്. നമ്മുടെ രണ്ടു കൈയുടെ നടുവിരലുകളിൽ പിടിച്ചുവേണം ഫ്ളോസ് ചെയ്യേണ്ടത്. ഫ്ളോസ് ചെയ്യുന്പോൾ മോണകൾക്കു ക്ഷതം വരാതെ ചെയ്യണം. പല്ലുകൾക്കിടയിലൂടെ ഫ്ളോസ് മുന്നോട്ടും പുറകിലോട്ടും നീക്കിവേണം ക്ലീൻ ചെയ്യാൻ. ദിവസത്തിൽ ഒരിക്കലെങ്കിലും ഫ്ളോസ് ചെയ്യാൻ ശ്രദ്ധിക്കുക.
മൗത്ത് വാഷ്
പല്ലുകൾ കേടാകാതിരിക്കുന്നതിനും ശുദ്ധമായ ശ്വാസത്തിനും നന്നായി ബ്രഷ് ചെയ്യുന്നതിനോടൊപ്പംതന്നെ മൗത്ത് വാഷും ഉപയോഗിക്കാം. വിപണിയിൽ ലഭിക്കുന്ന മൗത്ത് വാഷുകൾ നിർമാതാക്കളുടെ ഉപയോഗ നിർദേശങ്ങൾ പാലിച്ച് ഉപയോഗിക്കുക.
ഉപയോഗരീതി
20 എംഎൽ മൗത്ത് വാഷ് എടുക്കുക. മൗത്ത് വാഷ് വായിൽ ഒഴിക്കുക. 30 സെക്കൻഡ് മൗത്ത് വാഷ് ഉപയോഗിച്ച് വായ കുലുക്കി കഴുകുക. അര മണിക്കൂറിനുശേഷം വെള്ളം ഉപയോഗിച്ചു കഴുകുക. പല്ലു തേച്ച് 20 മിനിറ്റു ശേഷം മാത്രം മൗത്ത് വാഷ് ഉപയോഗിക്കുകയ മൗത്ത് വാഷ് ഒരു കാരണവശാലും വിഴുങ്ങരുത്. ആൽക്കഹോൾ ഇല്ലാത്ത മൗത്ത് വാഷ് തെരഞ്ഞെടുക്കുക.
നാക്കിലെ ഭക്ഷണാവശിഷ്ടം എങ്ങനെ നീക്കാം?
മേൽപറഞ്ഞ ദന്തപരിപാലന മാർഗങ്ങൾ കൂടാതെ വാട്ടർ ഇറിഗേഷൻ ഉപകരണങ്ങളും ഉപയോഗിക്കാം. ടൂത്ത് ബ്രഷോ കൈവിരലോ കൊണ്ട് മോണ മസാജ് ചെയ്യുന്നതും നല്ലതാണ്. പല്ലുകൾപോലെതന്നെ നാക്കിന്റെ പ്രതലത്തിലും ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടാം. ടൂത്ത് ബ്രഷോ ടംഗ് ക്ലീനറോ ഉപയോഗിച്ച് അതു നീക്കം ചെയ്യണം.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
Tags : Mouthwash Demtalfloss DentalHealth Familyhealth