ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കീയർ സ്റ്റാർമറിന്റെ ലേബർ പാർട്ടിക്കു നാണംകെട്ട തോൽവി.
ലേബറുകളുടെ ശക്തികേന്ദ്രമായ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഗോർട്ടൺ ആൻഡ് ഡെന്റൺ മണ്ഡത്തിൽ പാർട്ടി സ്ഥാനാർഥി ആഞ്ചലിക്കി സ്റ്റോഗിയ മൂന്നാം സ്ഥാനത്തായി. പരിസ്ഥിതിവാദ ഗ്രീൻ പാർട്ടിയുടെ ഹന്ന സ്പെൻസർ ആണ് ജയിച്ചത്. തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെ രണ്ടാം സ്ഥാനത്തെത്തി.
തൊഴിലാളി, മുസ്ലിം വോട്ടുകൾ ധാരാളമുള്ള ഗ്രേറ്റർ മാഞ്ചസ്റ്ററിൽ ഒരു നൂറ്റാണ്ടിനിടെ ലേബർ സ്ഥാനാർഥികളാണു മിക്കവാറും ജയിച്ചിട്ടുള്ളത്. 2024 ജൂലൈയിൽ അധികാരത്തിലേറിയ സ്റ്റാർമർ സർക്കാരിൽ വോട്ടർമാർക്കുള്ള കടുത്ത അതൃപ്തിയാണു പരാജയത്തിനു കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
650 അംഗ ബ്രിട്ടീഷ് പാർലമെന്റിൽ ഗ്രീൻ പാർട്ടിക്ക് ഇതോടെ അഞ്ചു സീറ്റായി. മണ്ഡലത്തിലെ ലേബർ എംപിയായിരുന്ന ആൻഡ്രൂ ഗ്വിൻ രാജിവച്ചതിനെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.
Tags : By election Keir Starmer party Labour Party suffered British parliamentary Angeliki Stogia Greater Manchester Hannah Spencer