ബെയ്ജിംഗ്: ചൈന ഇറാന് വ്യോമപ്രതിരോധ മിസൈലുകൾ നല്കാൻ ഒരുങ്ങുന്നതായി അമേരിക്കയിലെ സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു. തോളിൽ വഹിച്ച് വിമാനങ്ങൾക്കു നേർക്കു പ്രയോഗിക്കാൻ കഴിയുന്ന മിസൈലുകളാണിവ.
ഏതാനും ആഴ്ചകൾക്കുള്ളിൽ ഇവ ഇറാനു ലഭിക്കുമെന്നാണു പറയുന്നത്. ഇടപാട് രഹസ്യമാക്കാനായി മൂന്നാമതൊരു രാജ്യം വഴിയായിരിക്കും കൈമാറ്റം.
അതേസമയം, അമേരിക്കൻ വിദേശകാര്യവകുപ്പോ വാഷിംഗ്ടൺ ഡിസിയിലെ ചൈനീസ് എംബസിയോ ഈ വാർത്തയോടു പ്രതികരിക്കാൻ തയാറായില്ല.
ഇറാന് ആയുധം നല്കുന്ന രാജ്യങ്ങൾക്കുമേൽ 50 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നേരത്തേ മുന്നറിയിപ്പു നല്കിയിരുന്നു.
ചൈനയെ ഉദ്ദേശിച്ചാണ് ട്രംപ് ഇതു പറഞ്ഞതെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, മേയിൽ ചൈന സന്ദർശിക്കുന്ന ട്രംപ് ചൈനയ്ക്കെതിരേ ചുങ്കം വർധിപ്പിക്കാൻ സാധ്യതയില്ല.
വ്യാപാരചർച്ചകൾ ലക്ഷ്യമിട്ടാണ് ട്രംപിന്റെ ചൈനാ സന്ദർശനം. ചൈനയിൽനിന്ന് അത്യാധുനിക കപ്പൽവേധ മിസൈലുകൾ സ്വന്തമാക്കാനും ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.
Tags : China Iran air defense missiles deliver