പാരിസ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വിമാനവാഹിനിക്കപ്പല്‍ അയച്ച് ഫ്രാന്‍സ്. ആണവോർജത്തിൽ പ്രവർത്തിക്കുന്ന വിമാനവാഹിനിക്കപ്പലായ ചാള്‍സ് ഡി ഗാൾ ബാള്‍ട്ടിക് കടലില്‍നിന്ന് മെഡിറ്ററേനിയനിലേക്ക് മാറ്റാന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉത്തരവിട്ടു.
ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കുന്നതിനായി റഫാല്‍ യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും എയര്‍ റഡാറുകളും വിന്യസിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ഫ്രഞ്ച് ടെലിവിഷനില്‍, മുന്‍കൂട്ടി റിക്കാര്‍ഡ് ചെയ്ത പ്രസംഗത്തില്‍, കപ്പലിന് ഫ്രിഗേറ്റുകളുടെ അകമ്പടിയും അതിന്റെ വ്യോമ വിഭാഗത്തിന്റെ പിന്തുണയും ഉണ്ടാകുമെന്ന് മാക്രോണ്‍ പറഞ്ഞു. റാഫേല്‍ യുദ്ധവിമാനങ്ങള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, വ്യോമ റഡാര്‍ പ്ലാറ്റ്ഫോമുകള് എന്നിവ ഇതിനകംതന്നെ ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഖത്തര്‍, കുവൈറ്റ്, യുഎഇ എന്നിവയുമായി യൂറോപ്യന്‍ യൂണിയന് രാജ്യത്തെ ബന്ധിപ്പിക്കുന്ന പ്രതിരോധ കരാറുകളും ജോര്‍ദാന്‍, ഇറാക്ക് എന്നിവയോട് ശക്തമായ പ്രതിബദ്ധതയും ഫ്രാന്സിനുണ്ടെന്ന് മാക്രോണ്‍ പറഞ്ഞു.
യുദ്ധം ലബനനിലേക്കും വ്യാപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ മാക്രോണ്‍, ഇറാന് പിന്തുണയുള്ള തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ള “ഇസ്രായേലിനെ ആക്രമിക്കുകയും ലബനന് ജനതയെ അപകടത്തിലാക്കുകയും ചെയ്ത ഗുരുതരമായ തെറ്റ് ചെയ്തു”വെന്ന് പറഞ്ഞു.
Tags : France aircraft carrier West Asia Middle East War Iran Charles de Gaulle