വാഷിംഗ്ടൺ: ഇറാൻ വിഷയത്തിൽ അമേരിക്കയുടെ നിലപാടുകളോട് വിയോജിച്ച യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ കടുത്ത നടപടികളുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് മേലുള്ള വ്യോമാക്രമണത്തെ പിന്തുണയ്ക്കാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറെ പരസ്യമായി വിമർശിച്ച ട്രംപ്, സൈനിക താവളങ്ങൾ വിട്ടുനൽകാൻ വിസമ്മതിച്ച സ്പെയിനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കുന്നതായും പ്രഖ്യാപിച്ചു.
ഇറാനിലെ 'ഭരണകൂട മാറ്റത്തിന്' വേണ്ടിയുള്ള സൈനിക നടപടികളിൽ പങ്കാളികളാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്റെ താത്പര്യങ്ങൾക്കും സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് 'പ്രതിരോധ നടപടികൾ' മാത്രമേ സ്വീകരിക്കൂ എന്ന സ്റ്റാർമറുടെ നിലപാടിനെതിരെ ട്രംപ് രംഗത്തെത്തി. അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള സുദൃഢമായ ബന്ധം ഇപ്പോൾ പഴയതുപോലെയല്ലെന്ന് പറഞ്ഞ ട്രംപ്, സ്റ്റാർമറുടെ തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്നും കൂട്ടിച്ചേർത്തു.
ഇറാൻ ഓപ്പറേഷനുകൾക്കായി തങ്ങളുടെ മണ്ണിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിന് തിരിച്ചടിയായി സ്പെയിനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും അമേരിക്ക നിർത്തിവെച്ചു. കൂടാതെ, സ്പെയിനിനെതിരെ പൂർണമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.
അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ചത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ വിഷയത്തിൽ അമേരിക്കയുടെ ആക്രമണാത്മകമായ നീക്കങ്ങൾക്കെതിരെ യൂറോപ്യൻ സഖ്യകക്ഷികൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നതായാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.
Tags : Iran conflict British Prime Minister Spain Pedro Sanchez Keir Starmer