ന്യൂയോർക്ക്: ഗൾഫ് മേഖലയിലും ജോർദാനിലും ഇറാൻ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്ര സഭയിൽ ബഹ്റൈൻ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ.
ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഹോർമൂസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ ഭീഷണിയെ അപലപിച്ചും യുഎൻ രക്ഷാസമിതിയിലാണ് പ്രമേയം കൊണ്ടുവന്നത്. ഗൾഫ് മേഖലയിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
അമേരിക്കയുൾപ്പെടെ 15 രാജ്യങ്ങളടങ്ങുന്ന രക്ഷാസമിതിയിലെ 13 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. ഇറാന്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ആഗോള സമാധാനത്തിനും ലോക സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയ,ബംഗ്ലാദേശ്, ഭൂട്ടാൻ, കാനഡ, ഈജിപ്ത്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, കുവൈറ്റ്, മലേഷ്യ, മാലിദ്വീപ്, , ഒമാൻ, പാക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, യുഎഇ ഉൾപ്പെടെ 130-ലധികം രാജ്യങ്ങൾ പ്രമേയത്തെ പിന്താങ്ങി.
ഇറാന്റെ ആണവായുധ താവളം തകർത്തെന്ന് ഇസ്രയേൽ
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർണായക താവളം ഇല്ലാതാക്കിയെന്ന് ഇസ്രയേൽ. ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനായി ടെഹ്റാന് സമീപത്തായി ഇറാൻ വികസിപ്പിച്ചിരുന്ന തലേഗൻ ആണവകേന്ദ്രം പൂർണമായി തകർത്തെന്ന് ഇസ്രേലി സൈന്യം പറയുന്നു.
നൂതന സ്ഫോടനവസ്തുക്കൾ വികസിപ്പിക്കുന്നതിനായും പരീക്ഷണങ്ങൾക്കുയാണ് തലേഗാൻ കേന്ദ്രം ഇറാൻ ഉപയോഗിച്ചുവന്നതെന്ന് ഇസ്രയേൽ ആരോപിക്കുന്നു.
Tags : Iran atrocities Gulf region India support UN resolution UN