ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനെ വിറകൊള്ളിച്ച് ഇസ്രയേൽ ശക്തമായ ആക്രമണം തുടരുന്നു. മരണസംഖ്യ അറുനൂറിന് അടുത്തെത്തി. കുതിച്ചുകയറുകയാണ്. ആയിരത്തോളം പേർക്ക് പരിക്കേറ്റു. തന്ത്രപ്രധാന കേന്ദ്രങ്ങളൊക്കെ ആക്രമണ ഭീഷണിയിലാണ്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനു പിന്നാലെ, ഇറാൻ അനുകൂല സംഘടനയായ ഹിസ്ബുള്ള ഇസ്രയേലിലെ ഹൈഫ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തിരിച്ചടിയെന്നോണം ലബനനിലും ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്.
അധികം നീളില്ല
നിലവിലെ സൈനിക നടപടി വർഷങ്ങളോളം നീളുന്ന ഒന്നാകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ആക്രമണം പെട്ടെന്നുള്ളതും നിർണായകവുമാകുമെന്നും അദ്ദേഹം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇറാനെതിരെയുള്ള നീക്കം സൗദി അറേബ്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സഹായിക്കുമെന്നും നെതന്യാഹു പ്രത്യാശ പ്രകടിപ്പിച്ചു. നേരത്തെ ഗാസയിലെ വംശഹത്യയെത്തുടർന്ന് സൗദി അറേബ്യ ചർച്ചകളിൽനിന്നു പിന്മാറിയിരുന്നു.
കുടുങ്ങി ഇന്ത്യൻ വിദ്യാർഥികൾ
യുദ്ധം രൂക്ഷമായതോടെ ഇറാനിലെ അരാക് നഗരത്തിൽ രണ്ട് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ കുടുങ്ങി. ഹരിയാന നൂഹ് സ്വദേശികളായ സിയ ഉർ റഹ്മാൻ (25), ഫഹദ് ഖാൻ (22) എന്നിവരാണു കുടുങ്ങിയത്. നിലവിൽ അരാക് നഗരം ശാന്തമാണെന്നു വിദ്യാർഥികൾ പറയുന്നു.