വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ ആകാശത്ത് ഉല്‍ക്ക പൊട്ടിത്തെറിച്ചതു പരിഭ്രാന്തി പരത്തി.
രാജ്യത്തെ വടക്കുകിഴക്കന്‍ മേഖലയായ മാസച്യുസെറ്റ്സും ന്യൂ ഹാംഷെയറും തമ്മിലുള്ള അതിര്‍ത്തിക്കു സമീപമാണ് ഏകദേശം മൂന്നടി വീതിയുള്ള ഉല്‍ക്ക പൊട്ടിത്തെറിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പ്രാദേശിക സമയം ഉച്ചകഴിഞ്ഞു 2.06ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ച ഉല്‍ക്ക അധികം വൈകാതെ പൊട്ടിത്തെറിക്കുകയായിരുന്നു.
നിരവധി സംസ്ഥാനങ്ങളില്‍ വന്‍ സ്ഫോടന ശബ്ദം കേള്‍ക്കുകയും ജനങ്ങള്‍ പരിഭ്രാന്തരാകുകയും ചെയ്തു. വടക്കുകിഴക്കന്‍ മാസച്യുസെറ്റ്സിനും തെക്കുകിഴക്കന്‍ ന്യൂ ഹാംഷെയറിനും മുകളിലായി ഏകദേശം 40 മൈല്‍ ഉയരത്തില്‍ വച്ചാണ് ഉല്‍ക്ക തകര്‍ന്നു ചിതറിയതെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ മാസച്യുസെറ്റ്സിലും റോഡ് ഐലന്‍ഡിലും നിരവധി കെട്ടിടങ്ങള്‍ കുലുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഉല്‍ക്ക പൊട്ടിത്തെറിക്കുമ്പോള്‍ പുറത്തുവന്ന ഊര്‍ജം ഏകദേശം 300 ടണ്‍ ടിഎന്‍ടിക്കു തുല്യമാണെന്നാണ് നാസയുടെ വിലയിരുത്തല്‍. ഇതാണു വലിയ ശബ്ദസ്ഫോടനത്തിനു കാരണമായതെന്നും നാസ വ്യക്തമാക്കി. ഉല്‍ക്ക പൂര്‍ണമായും കത്തിനശിച്ചില്ലെങ്കില് അതു സമുദ്രത്തിലായിരിക്കാം പതിച്ചതെന്നാണു നിഗമനം.
ഉല്‍ക്കയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനും അതിന്റെ സഞ്ചാരപാത കൃത്യമായി നിര്‍ണയിക്കുന്നതിനുമായി വിദഗ്ധര്‍ അന്വേഷണം തുടരുകയാണ്.
Tags : Deep sky Massachusetts exploded Meteor