വാഷിംഗ്ടൺ: നിർമിത ബുദ്ധി മേഖലയിലെ പ്രമുഖരായ 'ആന്ത്രോപ്പിക്കിനെ' കരിമ്പട്ടികയിൽപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തങ്ങളുടെ സാങ്കേതികവിദ്യ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന കമ്പനിയുടെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിനെത്തുടർന്ന്, യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ) നിർണായകമായ എഐ കരാർ ആന്ത്രോപ്പിക്കിന് പകരം ഓപ്പൺ എഐയ്ക്ക് നൽകാൻ തീരുമാനിച്ചു.
ദേശീയ സുരക്ഷയ്ക്കും പ്രതിരോധ ശാക്തീകരണത്തിനുമായി അത്യാധുനിക എഐ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം നീങ്ങുന്നത്. എന്നാൽ, ആയുധങ്ങൾ വികസിപ്പിക്കാനോ യുദ്ധമുഖത്തോ തങ്ങളുടെ ക്ലോഡ് എഐ മോഡലുകൾ ഉപയോഗിക്കുന്നത് നയപരമായി അംഗീകരിക്കാനാവില്ലെന്ന് ആന്ത്രോപ്പിക് അറിയിച്ചിരുന്നു. ഈ നിലപാട് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ഭരണകൂടം കർശന നടപടിയെടുത്തത്.
അതേസമയം, യുഎസ് സൈന്യവുമായി സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചതോടെയാണ് 'ചാറ്റ് ജിപിടി'യുടെ നിർമാതാക്കളായ ഓപ്പൺ എഐയ്ക്ക് വമ്പൻ കരാർ ലഭിച്ചത്. സൈനിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും തന്ത്രപ്രധാനമായ നീക്കങ്ങൾക്കും ഓപ്പൺ എഐയുടെ സേവനം ഇനി പെന്റഗൺ ഉപയോഗിക്കും.
സാങ്കേതിക വിദ്യയുടെ ധാർമികമായ ഉപയോഗത്തെക്കുറിച്ച് എഐ മേഖലയിൽ വലിയ ചർച്ചകൾക്ക് ഈ സംഭവം വഴിതുറന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ടെക് കമ്പനികൾക്കെതിരെ സമാനമായ നടപടികൾ ഉണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Tags : anthropic Trump Open AI