ബ്രസൽസ്: യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് തുറക്കാൻ നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സൈനിക സഖ്യം നേരിട്ട് ഇടപെട്ടേക്കുമെന്ന് സൂചന. ജൂലൈ ആദ്യവാരത്തോടെ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിച്ചില്ലെങ്കിൽ, കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കാൻ സൈനിക ദൗത്യം ആരംഭിക്കുന്നതിനെക്കുറിച്ച് നാറ്റോ ആലോചിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരെ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ആഗോള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചത്. ജൂലൈ 7-8 തീയതികളിൽ തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായേക്കും.
കടലിടുക്ക് തുറക്കാൻ സൈനികമായി ഇടപെടണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെടുന്നുണ്ടെങ്കിലും യുറോപ്യൻ സഖ്യകക്ഷികൾക്കിടയിൽ ഇതിൽ പൂർണ യോജിപ്പിലെത്താൻ കഴിഞ്ഞിട്ടില്ല. നാറ്റോയുടെ ഇടപെടലിന് എല്ലാ അംഗരാജ്യങ്ങളുടെയും ഏകകണ്ഠമായ പിന്തുണ ആവശ്യമാണ്.
Tags : NATO Strait of Hormuz Latest News