വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് താത്കാലിക ആശ്വാസം നൽകിക്കൊണ്ട് ഇസ്രയേലും ലെബനനും തമ്മിൽ പത്തുദിവസത്തെ വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ട്രംപിന്റെ നിർണായക ഇടപെടൽ.
34 വർഷത്തിന് ശേഷം ആദ്യമായാണ് ഇസ്രായേലും ലെബനനും വാഷിംഗ്ടണിൽ വെച്ച് നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടുന്നത്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലായിരുന്നു ഈ ചർച്ചകൾ നടന്നത്.
പ്രാദേശിക സമയം വൈകുന്നേരം 5 മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ഈ പത്ത് ദിവസത്തിനുള്ളിൽ മേഖലയിൽ ശാശ്വതമായ സമാധാനം കൊണ്ടുവരാനുള്ള നയതന്ത്ര നീക്കങ്ങൾ നടത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ഉൾപ്പെടുന്ന ഉന്നതതല സംഘത്തിനാണ് സമാധാന ചർച്ചകൾ ഏകോപിപ്പിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.
Tags : Trump Lebanon Israel CeaseFire Latest News