തായ്പെയ്: തായ്വാനിൽ പ്രതിരോധ ബജറ്റ് വിഹിതം വർധിപ്പിക്കാൻ ശ്രമിക്കുന്ന പ്രസിഡന്റ് ലായി ചിംഗ്തെയുടെ സർക്കാരിനു പിന്തുണയുമായി ജനം തെരുവിൽ.
പ്രസിഡന്റ് 4000 കോടി ഡോളറിന്റെ പ്രതിരോധ ബജറ്റ് മുന്നോട്ടു വച്ചെങ്കിലും പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് ഇതിന്റെ മൂന്നിൽ രണ്ടു മാത്രം അംഗീകരിക്കാൻ തയാറായ പശ്ചാത്തലത്തിലാണിത്.
ചൈനീസ് ഭീഷണി മറികടക്കാൻ അമേരിക്കയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നതിനു പുറമേ ആഭ്യന്തര ആയുധവിപണിയെയും ആശ്രയിക്കുന്ന ബജറ്റാണ് പ്രസിഡന്റ് തയാറാക്കിയത്.
എന്നാൽ, ആഭ്യന്തരവിപണിയിൽനിന്ന് ആയുധം വാങ്ങാനുള്ള നീക്കം അഴിമതിക്കു വഴിവയ്ക്കുമെന്നു പ്രതിപക്ഷം ആരോപിച്ചു. അമേരിക്കയിൽനിന്ന് മാത്രം ആയുധം വാങ്ങാൻ അനുമതി നല്കുന്ന പുതിയ ബജറ്റ് പാസാക്കുകയുമുണ്ടായി.
സ്വതന്ത്ര തായ്വാൻ അനുകൂലികളാണ് ഇന്നലെ സർക്കാരിനുവേണ്ടി റാലികൾ നടത്തിയത്. ചൈനയിൽനിന്നു തായ്വാന്റെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ കൂടുതൽ ആയുധങ്ങൾ വേണമെന്നു പ്രതിഷേധക്കാർ വാദിച്ചു.
Tags : Taiwan protests parliament defense budget