മോസ്കോ: യുക്രെയ്നിൽനിന്നുള്ള തീവ്രവാദ ഭീഷണി മുൻനിർത്തി മേയ് ഒന്പതിന് മോസ്കോയിൽ നടത്താനിരിക്കുന്ന വിജയദിന പരേഡ് വെട്ടിക്കുറയ്ക്കാൻ റഷ്യ തീരുമാനിച്ചു.
അപകടം കുറയ്ക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
യുദ്ധക്കളത്തിൽ ദിനംപ്രതി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന കീവ് ഭരണകൂടം ഇപ്പോൾ പൂർണതോതിലുള്ള തീവ്രവാദ പ്രവർത്തനത്തിലേക്കു പ്രവേശിച്ചിരിക്കുകയാണെന്നും അതിനാൽ, ഈ തീവ്രവാദ ഭീഷണി കണക്കിലെടുത്ത് അപകടം കുറയ്ക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരേഡിൽ സൈനിക വാഹനങ്ങളോ കേഡറ്റുകളോ ഉണ്ടായിരിക്കില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയ്ക്കെതിരായ സോവ്യറ്റ് വിജയത്തിന്റെ വാർഷിക അനുസ്മരണത്തോടനുബന്ധിച്ചാണ് മേയ് ഒന്പതിന് വിജയദിന പരേഡ് നടത്തുന്നത്.
സമീപനാളുകളിൽ യുക്രെയ്ൻ ഡ്രോണുകൾ ഉപയോഗിച്ച് റഷ്യയുടെ ഉള്ളിലേക്കു കടന്നെത്തി കനത്ത ആക്രമണമാണു നടത്തുന്നത്.