ഇസ്ലാമാബാദ്/ദുബായ്: പാക്കിസ്ഥാനിൽ ഈയാഴ്ച വീണ്ടും യുഎസ്-ഇറാൻ സമാധാന ചർച്ച നടന്നേക്കുമെന്നു റിപ്പോർട്ട്. ഇരുകൂട്ടരെയും ചർച്ചയ്ക്കെത്തിക്കാൻ പാക്കിസ്ഥാൻ ഊർജിത ശ്രമം ആരംഭിച്ചു.
രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കുന്ന ഏപ്രിൽ 21നു മുന്‍പ് ചർച്ചയ്ക്കു വഴിയൊരുക്കാനാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്, ഉപപ്രധാനമന്ത്രി ഇഷാഖ് ദർ, സൈനികമേധാവി ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവർ ശ്രമിക്കുന്നത്. വ്യാഴാഴ്ചയോ വാരാന്ത്യത്തിലോ ഇരുകൂട്ടരും ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞയാഴ്ച പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇരുകൂട്ടരും 21 മണിക്കൂർ ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. ഇറാന്റെ ആണവപദ്ധതി, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ചർച്ച അലസിയത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണ് യുഎസ് സംഘത്തെ നയിച്ചത്. ഇറേനിയൻ സംഘത്തെ നയിച്ചത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബാഫ് ആയിരുന്നു.
ആദ്യചർച്ചയിൽ പങ്കെടുത്ത അതേ പ്രതിനിധിസംഘമാണോ ചർച്ചയ്ക്കെത്തുക എന്നതിൽ വ്യക്തതയായില്ല. യുഎസ്-ഇറാൻ ചർച്ചയ്ക്കു ജനീവ വേദിയായേക്കുമെന്നും റിപ്പോർട്ടുണ്ട്. യുഎസ്-ഇറാന് ചര്‍ച്ച രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നു യുഎസ്പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ന്യൂയോര്‍ക്ക് പോസ്റ്റിനോടു പറഞ്ഞു. അതേസമയം, ചർച്ച സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഇറേനിയൻ മാധ്യമങ്ങൾ വ്യക്തമാക്കി.
ഇന്നലെ എണ്ണവില നൂറു ഡോളറിൽ താഴെയായി. അതേസമയം, എണ്ണവിലയിൽ ആശങ്ക തുടരുകയാണെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) അറിയിച്ചു. മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ സ്ഥിതി ഗുരുതരമാകുമെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ.
അമേരിക്കൻ നാവിക ഉപരോധം നിലനിൽക്കേ ഇന്നലെ ഇറേനിയൻ ബന്ധമുള്ള നാലു കപ്പലുകൾ ഹോർമുസ് കടന്നു. ഇവയിൽ രണ്ടെണ്ണം ഇറാന്റെ തുറമുഖത്ത് എത്തിയിരുന്നു. അതേസമയം, ഒരു കപ്പൽ പോലും കടന്നുപോയിട്ടില്ലെന്ന് യുഎസ് അവകാശപ്പെട്ടു. യുഎസ് ഉപരോധം അപകടകരവും നിരുത്തരവാദപരവുമാണെന്ന് ചൈന വിമർശിച്ചു.
സംഘർഷം വർധിപ്പിക്കാൻ ഇതു കാരണമാകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഉപരോധത്തിനു നിയമസാധുതയില്ലെന്ന് യുഎൻ മാരിടൈം ഏജൻസി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കപ്പൽപ്പാതയിൽ ഉപരോധത്തിന് ഒരു രാജ്യത്തിനും അവകാശമില്ലെന്ന് യുഎന്നിന്റെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ആഴ്സെനിയോ ദൊമിങ്കെസ് പറഞ്ഞു.
ഇസ്രയേലുമായുള്ള പ്രതിരോധ കരാർ പുതുക്കുന്നില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിച്ചു. ഓരോ അഞ്ചു വർഷം കൂടുന്പോഴും ഇരു രാജ്യങ്ങളും പ്രതിരോധ കരാർ പുതുക്കാറുണ്ട്. നിലവിലെ സാഹചര്യമനുസരിച്ചാണ് തീരുമാനമെന്നു പറഞ്ഞ മെലോണി, കൂടുതൽ വിശദീകരണം നടത്തിയില്ല.
അമേരിക്കയും ജർമനിയും കഴിഞ്ഞാൽ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതിയിൽ മുന്നിലുള്ളത് ഇറ്റലിയാണ്. മെലോണിക്കെതിരേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷ വിമർശനമുയർത്തി. ഇറേനിയൻയുദ്ധത്തിൽ മെലോണിക്കു ധൈര്യമില്ലെന്നും തങ്ങളെ സഹായിക്കാൻ മെലോണി ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
യുഎസിലെ ഇസ്രയേൽ, ലബനൻ അംബാസഡർമാർ ഇന്നലെ അമേരിക്കയിൽ കൂടിക്കാഴ്ച നടത്തി. ദശകങ്ങൾക്കു ശേഷമാണ് ഈ രാജ്യങ്ങൾ തമ്മിൽ ചർച്ച നടക്കുന്നത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറിമാർക്കോ റൂബിയോ, ലബനനിലെ യുഎസ് അംബാസഡർ മിഷേൽ ഇസ, യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സ് എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിച്ചത്. ചരിത്രപരമെന്നായിരുന്നു ചർച്ചയെ മാർക്കോ റൂബിയോ വിശേഷിപ്പിച്ചത്.
ലബനന്റെ സഹനത്തിന് അന്ത്യമാകുമെന്ന് പ്രസിഡന്റ് ജോസഫ് ഔൺ പ്രത്യാശ പ്രകടിപ്പിച്ചു. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ലബനനിലെ ഇറാൻപക്ഷ ഹിസ്ബുള്ള തീവ്രവാദികൾ ഇസ്രയേലിലേക്ക് ആക്രമണം നടത്തിയിരുന്നു.
തുടർന്ന് ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രേലി സേനയുടെ ആക്രമണത്തിൽ രണ്ടായിരത്തിലേറെ പേർ കൊല്ലപ്പെട്ടു. തെക്കൻ ലബനനിലേക്ക് കടന്നുകയറിയാണ് ഇസ്രേലി ആക്രമണം.
Tags : US Iran peace talks resume West Asian Conflict China Middle East War