വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്കു നഷ്ടമായത് 42 വിമാനങ്ങൾ. അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇതിൽ ഉൾപ്പെടുന്നതായി കോൺഗ്രഷണൽ റിസർച്ച് സർവീസ് (സിആർഎസ്) തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഒരു എഫ്-35ന് പുറമേ നാല് എഫ്-15 യുദ്ധവിമാനങ്ങളും നഷ്ടമായി. ആകാശത്ത് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള കെസി-135 ഇനം ടാങ്കർ വിമാനങ്ങൾ ഏഴെണ്ണവും റെഡാർ ഘടിപ്പിച്ച് നിരീക്ഷണത്തിനുപയോഗിക്കുന്ന അവാക്സ് വിമാനം ഒന്നും നഷ്ടപ്പെട്ടു. യുദ്ധത്തിനിടെയും അല്ലാതെയും ഇവ നശിച്ചതായി റിപ്പോർട്ടിൽ കണ്ടെത്തി.
പ്രസിഡന്റ് ട്രംപിന്റെ ഉത്തരവു പ്രകാരം ഫെബ്രുവരി 28 മുതൽ ഒരു മാസം നീണ്ട ആക്രമണത്തിന് 2900 കോടി ഡോളർ ചെലവായെന്ന് യുഎസ് പ്രതിരോധ വകുപ്പായ പെന്റഗൺ നേരത്തേ വ്യക്തമാക്കിയിരുന്നു.
സിആർഎസ് റിപ്പോർട്ട് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അമേരിക്ക വീണ്ടും ആക്രമണത്തിനു മുതിർന്നാൽ ഞെട്ടിക്കുന്ന തിരിച്ചടി ഇറാൻ നല്കുമെന്ന് അദ്ദേഹം കുറിച്ചു.
Tags : West Asian Conflict Middle East War America lost 42 aircraft F-35