ഭദ്രകീർത്തി തട്ടുകടയിൽ ജോലിക്കിടെ ദീപികയോട് പ്രതികരിക്കുന്നു
കൊച്ചി: അച്ഛന് നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമ്പോഴും അച്ഛന്‍റെ സര്‍വസ്വമായ തട്ടുകടയും മുന്നോട്ടു കൊണ്ടു പോവുമെന്ന് അന്തരിച്ച ജയബാലകൃഷ്ണന്‍റെ മകള്‍ ഭദ്രകീര്‍ത്തി. ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് എത്തിയതിനാല്‍ മറ്റൊരു ജോലിക്കായുള്ള ശ്രമത്തിലും അതിനൊപ്പം തന്നെ തട്ടുകടയുമായി മുന്നോട്ട് പോവാനുമാണ് ഭദ്രകീര്‍ത്തിയുടെ തീരുമാനം.
കുടുംബത്തിന്‍റെ ഉപജീവനമാര്‍ഗമായ തട്ടുകട തുടര്‍ന്നും നടത്താനാണ് തീരുമാനം. കടബാധ്യതകളും കോടതി ചെലവുകളും കുടുംബത്തിന്‍റെ ദൈനംദിന ചെലവുകളും മുന്നിലുള്ളതിനാല്‍ കട തുറന്നു പ്രവര്‍ത്തിപ്പിക്കേണ്ടത് അനിവാര്യമാണ്. നിലവില്‍ കടയില്‍ നല്ല തിരക്കുണ്ട്. അച്ഛന്‍ ഒറ്റയ്ക്ക് ചെയ്തിരുന്ന ജോലികള്‍ ചെയ്യാന്‍ ഇപ്പോള്‍ കുടുംബത്തിലെ മൂന്നു പേര്‍ക്കും ഒരുമിച്ച് നില്‍ക്കേണ്ടിവരുന്നുണ്ട്.
ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. മറ്റൊരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്. രാവിലെ മുതല്‍ വൈകിട്ട് വരെ ജോലി ചെയ്ത ശേഷം രാത്രിയില്‍ തട്ടുകടയില്‍ നില്‍ക്കാമല്ലോ. നേരത്തെ അച്ഛനൊപ്പം കടയില്‍ പോയിരുന്നതിനാല്‍ കടയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാമെന്നതും ഇപ്പോള്‍ സഹായമായി എന്ന് ഭദ്രകീര്‍ത്തി ദീപിക ഓണ്‍ലൈനോട് പറഞ്ഞു.
അതേസമയം, കോടതിയില്‍ നിന്നും അനുകൂല വിധി പ്രതീക്ഷിക്കുന്നുണ്ടെന്നും ഭദ്രകീര്‍ത്തി പറഞ്ഞു. അച്ഛന് നീതി ലഭിക്കാതെ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല. നിലവിലെ നിയമവ്യവസ്ഥയ്ക്ക് കീഴില്‍ പ്രതികള്‍ക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ കോടതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് ഭദ്രകീര്‍ത്തി വ്യക്തമാക്കി.
പതിനേഴുകാരന് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് നല്‍കിയ റിവിഷന്‍ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്. ജീവിതത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നെങ്കിലും നീതി ലഭിക്കുമെന്ന വിശ്വാസം കൈവിട്ടിട്ടില്ല. എതിര്‍ഭാഗത്ത് ഒരു ജഡ്ജി കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കോടതി നടപടികളില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും ഭദ്രകീര്‍ത്തി പറഞ്ഞു.
ഇതിനൊപ്പം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്ന പേരില്‍ കുറ്റവാളികള്‍ക്ക് ലഭിക്കുന്ന പരിരക്ഷയില്‍ നിയമ ഭേദഗതി ആവശ്യപ്പെട്ടു ആരംഭിച്ച ഭദ്രപക്ഷം ക്യാമ്പെയ്‌നിനെ കുറിച്ചും ഭദ്രകീര്‍ത്തി സംസാരിച്ചു. പ്രായത്തിന്റെ ഇളവ് ഒരായുധമായി ആരും ഉപയോഗിക്കരുത്. ഇനി വരും തലമുറകളില്‍ ഇങ്ങനെയൊന്നും ഉണ്ടാവരുത്. ജുവനൈല്‍ ജസ്റ്റിസ് നിയമപരിധി 15 വയസ് ആക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും ഭദ്രകീര്‍ത്തി വ്യക്തമാക്കി.
Tags : Bhadrakeerthi CheranalloorAccident Father Daughter LegalBattle