പാലക്കാട്: പോലീസുകാർക്കെതിരേ കൊലവിളി പ്രസംഗം നടത്തിയ സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. വിപിൻ, പ്രവർത്തകരായ ഷാദുൽ, അഭിഷേക് എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്
പാലക്കാട് നോർത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പരീക്ഷാ ക്രമക്കേടിനെതിരെ എസ്എഫ്ഐ പാലക്കാട് നടത്തിയ പ്രതിഷേധത്തിനിടയിലായിരുന്നു വിപിന്റെ വിവാദ പ്രസംഗം. വോട്ടെണ്ണൽ ദിവസം യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പോലീസ് ലാത്തിവീശിയ കാര്യം പരാമർശിച്ചുകൊണ്ടാണ് കൊലവിലി പ്രസംഗം നടത്തിയത്.
"ഞങ്ങളെ തല്ലിയവർക്കെതിരെ ഞങ്ങൾക്ക് നല്ല നിശ്ചയദാർഢ്യമുണ്ട്. ഞങ്ങളുടെ മാത്രമല്ല, പൊലീസുകാരന്റെയും ശരീരത്തിൽ നിന്ന് ചോര ചിന്തും. എല്ലാവരെയും ഞങ്ങൾ നോക്കിവെച്ചിട്ടുണ്ട്. കിട്ടിയതെല്ലാം തിരിച്ചു കൊടുക്കാത്ത ചരിത്രം ഈ വിദ്യാർഥി പ്രസ്ഥാനത്തിനില്ല. ഞങ്ങളെ അടിച്ചാൽ ഞങ്ങളുടെ ഭീകരതയ്ക്ക് അറുതിയുണ്ടാകില്ല," എന്നിങ്ങനെയായിരുന്നു പൊലീസുകാരന്റെ പേരെടുത്ത്
പറഞ്ഞുകൊണ്ടുള്ള ഭീഷണി.
Tags : SFI