കൊച്ചി: യുട്യൂബര്‍ ആരിഫ് ഹുസൈന് തെരുവത്തിനെതിരേ നല്കിയ പരാതിയില്‍ കേസ് എടുക്കാത്ത പോലീസ് നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി.
മതവിദ്വേഷ പ്രസംഗത്തിനും അവഹേളനത്തിനുമെതിരായ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കല്‍ പോലീസ്, മലപ്പുറം എസ്പി, ഡിവൈഎസ്പി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ചുണ്ടിക്കാട്ടി മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി എം.കെ. മൊയ്തീന് കുട്ടിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടി.
ഇസ്ലാമിക ആചാരങ്ങളെയും ആരാധനയെയും പരിഹസിച്ചും അവഹേളിച്ചും കൊണ്ടുള്ള പോസ്റ്റുകളാണ് ആരിഫ് ഹുസൈന് പ്രചരിപ്പിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. സാമുദായിക സൗഹാർദം തകര്‍ക്കുക, മതസ്പര്‍ധയുണ്ടാക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് പ്രവര്‍ത്തനം.
മതവിദ്വേഷ പ്രസംഗം സംബന്ധിച്ച് പരാതി നല്‍കിയില്ലെങ്കില്‍ പോലും സ്വമേധയ കേസ് എടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തത്. ഇത്തരം പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിക്കണമെന്നും കേസ് എടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.