തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുന്നു. തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ തനിക്ക് ഒരു സ്ഥാനവും വേണ്ടെന്ന് വി.ഡി.സതീശൻ എഐസിസി നിരീക്ഷകരെ അറിയിച്ചു.
എംഎല്‍എമാരുടെ എണ്ണം മാത്രം ആകരുത് പരിഗണനയെന്ന് നിരീക്ഷകരോട് സതീശൻ ആവശ്യപ്പെട്ടു. എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്നാണ് സതീശന്റെ വാദം. അതിനിടെ കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ.സുധാകരൻ കത്ത് നൽകി.
47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കെ.സി.വേണുഗോപാൽ വിഭാഗം പറയുന്നു. 16 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് രമേശ് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു. കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും 63 എംഎൽഎമാരെയും ഒന്നിച്ചും ഒറ്റയ്ക്ക് ഒറ്റയ്ക്കും കാണും.
തുടർന്ന് ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ എഐസിസി നിരീക്ഷകർ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകും. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
Tags : cm discussion congress legislative party meeting