തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് ഉച്ചയ്ക്കു മുൻപു പ്രഖ്യാപിക്കും. രണ്ടു ദിവസത്തിനകം മുഴുവൻ സ്ഥാനാർഥികളേയും പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം പറയുന്നത്.
ആദ്യഘട്ട പട്ടികയിൽ എത്രത്തോളം സ്ഥാനാർഥികൾ ഉണ്ടാകുമെന്നതാണ് നിർണായകം. തർക്കമില്ലാത്ത 60 സീറ്റുകൾ വരെയുണ്ടാകാമെന്നു നേതൃത്വം പറയുന്പോൾ, 35 സീറ്റുകളിലാകും ആദ്യഘട്ട പ്രഖ്യാപനമെന്ന വാദവും ചില നേതാക്കൾ സൂചിപ്പിക്കുന്നു. ഇന്നു രാവിലെ ഡൽഹിയിൽ കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ചേരുന്നുണ്ട്. ഇതിനു ശേഷമാകും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുക. തെഞ്ഞെടുപ്പിന് അധിക ദിവസങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ വേഗത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുക മാത്രമാണ് കോണ്‍ഗ്രസിനു മുന്നിലുള്ള മാർഗം.
മുസ്ലീംലീഗുമായുള്ള സീറ്റു മാറ്റം സംബന്ധിച്ച് ഇന്നലെ ആലുവയിൽ നടന്ന ഉഭയകകക്ഷി ചർച്ചയിൽ തീരുമാനമായി. ചേലക്കര- കോങ്ങാട് സീറ്റുകളും പുനലൂർ- ചടയമംഗലം സീറ്റുകളും കോണ്‍ഗ്രസും മുസ് ലീംലീഗും വച്ചു മാറുന്നതാണ് തീരുമാനമെന്നാണ് വിവരം. തിരുവന്പാടി- പട്ടാന്പി സീറ്റ് വച്ചുമാറ്റം ഇന്നലെ നടന്ന ഉഭയകക്ഷി ചർച്ചയിൽ ഉപേക്ഷിച്ചു. സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിന് തിരുവനന്തപുരം സീറ്റ് നൽകാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡും സമ്മതിച്ച സാഹചര്യത്തിലാണ് തിരുവന്പാടി സീറ്റിൽ ലീഗ് സ്ഥാനാർഥി തന്നെ മത്സരിക്കാൻ അറിയിച്ചത്.
കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലം ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജന്‍ നൽകാനും ധാരണയായിട്ടുണ്ട്.
കഴിഞ്ഞ തവണ 93 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണയും ഏകദേശം അത്രയും സീറ്റിൽ തന്നെ മത്സരിക്കും. കേരള കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചയും ഇന്നലെ നടത്തിയിരുന്നു. രണ്ടു സീറ്റുകൾ കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന കാര്യത്തിൽ കേരള കോണ്‍ഗ്രസുമായി ഇനിയും ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല. അങ്ങനെയെങ്കിൽ കോണ്‍ഗ്രസ് കടുംപിടുത്തത്തിൽ അയവുവരുത്തി സ്ഥാനാർഥികളെ പ്രഖ്യാപിക്കണമെന്ന നിർദേശവുമുണ്ട്.
ലീഗിന്റെ സീറ്റുകൾ ഇന്ന് പ്രഖ്യാപിക്കും
ആലുവ: സീറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ വളരെ സൗഹാർദപരമായിരുന്നുവെന്നും ലീഗിന്റെ സീറ്റുകൾ ഇന്നു പ്രഖ്യാപിക്കുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗിന് സീറ്റ് കൂടുമോയെന്ന ചോദ്യത്തിനു ചിരിയായിരുന്നു മറുപടി. സീറ്റുകളുടെ 27 എന്ന എണ്ണത്തിൽ കുറവുണ്ടാകില്ല.
സീറ്റുകൾ മാറി മത്സരിക്കുമോയെന്ന കാര്യത്തിൽ പാർട്ടിയിൽ കൂടിയാലോചിച്ചശേഷം തീരുമാനിക്കും. നിരവധി നിർദേശങ്ങളും അഭിപ്രായങ്ങളും ഉയർന്നിട്ടുണ്ട്. അതു പരിഗണിച്ചശേഷമായിരിക്കും ഇന്നു സീറ്റുകൾ പ്രഖ്യാപിക്കുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Tags : Congress first list today