പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സൗന്ദര്യ വർധക ഫേസ് ക്രീം ഉപയോഗിച്ച 17കാരിക്ക് കിഡ്നി രോഗം ബാധിച്ച സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകളുടെയും വിൽപന തടയാൻ ആരോഗ്യവകുപ്പ്.
വ്യജ ഉത്പന്നങ്ങളുടെ വിൽപനയും വിപണനവും നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകി. വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതിനൊപ്പം ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
സൗന്ദര്യ വർധക വസ്തുക്കൾക്ക് പുറമേ പ്രോട്ടീൻ പൗഡറുകൾ, ഗുളികകൾ, ഓയിന്റ്മെന്റുകൾ, തൈലങ്ങൾ തുടങ്ങിയവ വ്യാജപരസ്യങ്ങളിലൂടെ വിൽക്കുന്നവരെയും പരിശോധനയുടെ പരിധിയിൽ കൊണ്ടുവരും. ശാസ്ത്രീയമായ തെളിവുകളില്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെയും നടപടിയുണ്ടാകും.
സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഉത്പന്നങ്ങൾ പ്രചരിപ്പിക്കുകയും ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്ലോഗർമാരെയും നിരീക്ഷിക്കും. ഉത്പന്നങ്ങളുടെ പരസ്യവും വിൽപനയും മാത്രമല്ല, അവയുടെ വിതരണശൃംഖലയും ഉറവിടവും പരിശോധിച്ച് ഉത്തരവാദികളെ കണ്ടെത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
Tags : KMuraleedharan Facecream ProteinPowder DrugsController NewsUpdate Headlines