തിരുവനന്തപുരം : തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ ആന്റണി രാജു നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് ഉത്തരവ് പറയും. കേസിൽ ആന്റണി രാജുവിനെ നെടുമങ്ങാട് കോടതി മൂന്ന് വർഷം തടവ് ശിക്ഷിച്ചിരുന്നു.
ഈ ശിക്ഷ മരവിപ്പിക്കണമെന്നും ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആന്റണി രാജുവിന്റെ ഹർജിയിലെ ആവശ്യം. മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രതിനിധ്യ നിയമ പ്രകാരം ആന്റണി രാജുവിന് മത്സരിക്കാൻ അയോഗ്യതയുണ്ട്.
ശിക്ഷ മരവിപ്പിച്ചില്ലെങ്കിൽ തനിക്ക് മത്സരിക്കാൻ കഴിയില്ലെന്നും ആന്റണി രാജു ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 1990 ലായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിൽ മയക്കുമരുന്നുമായി പിടിയിലായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്നാണ് കേസ്.