കൊച്ചി: കോവിഡ് കാലത്തെ വിവരശേഖരണത്തിന്റെ ഭാഗമായി വ്യക്തിവിവരങ്ങള്‍ ചോര്‍ന്നുവെന്ന വാദം തള്ളി ഹൈക്കോടതി. കോവിഡ് കാലത്ത് രോഗികളെ തിരിച്ചറിയുന്നതിനു മാത്രമാണ് സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറിന്റെ സേവനം പ്രയോജനപ്പെടുത്തിയത്.
നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെങ്കിലും മഹാമാരിയുടെ അസാധാരണ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയായി മാത്രമേ ഇതിനെ കാണാനാവൂ. അതിനാല്‍ സര്‍ക്കാര്‍ നടപടി ന്യായീകരിക്കത്തക്കതാണെന്നും കോടതി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തുടങ്ങിയവരടക്കം നല്കിയ പൊതുതാത്പര്യഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
വ്യക്തിവിവരങ്ങള്‍ വിദേശ കമ്പനിക്ക് കൈമാറുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും ഭരണഘടനയുടെ 299-ാം അനുഛേദം പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. സ്പ്രിംഗ്ലര്‍ കരാറിന് പിന്നില്‍ ഐടി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സ്ഥാപിത താത്പര്യമുണ്ടെന്നും ആരോപിച്ചിരുന്നു.
എന്നാല്‍, സേവനം സൗജന്യമായിരുന്നുവെന്നും വിവരങ്ങള്‍ സുരക്ഷിതമാണെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
Tags : Data collection Covid period Kerala High Court claim personal information