കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം കോട്ടകളിലെ പരാജയത്തിലും വോട്ട് ചോർച്ചയിലും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും പ്രതിക്കൂട്ടിലേക്ക്.
കെ.കെ. രാഗേഷിനെതിരേ ജില്ലയിൽ പോസ്റ്റർ പ്രചാരണവും സൈബർ ആക്രമണവും വ്യാപകമായി. രാഗേഷിനെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി പി. ജയരാജനെ തിരിച്ചു കൊണ്ടുവരണമെന്നാണു സൈബർ സഖാക്കളുടെ ആവശ്യം.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടി അണികൾക്ക് കൃത്യമായ വിശദീകരണം നൽകാൻ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ രാഗേഷിനു കഴിയാത്തതാണു സിപിഎം പാർട്ടി കോട്ടയായ പയ്യന്നൂരിൽ എൽഡിഎഫിനു വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.
വി. കുഞ്ഞികൃഷ്ണൻ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർത്തിയപ്പോൾത്തന്നെ ശരിയായ കണക്ക് വിശദീകരിക്കാൻ പയ്യന്നൂരിലെ ഏരിയാ-ബ്രാഞ്ച്-ലോക്കൽ കമ്മിറ്റികളിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിനു സാധിക്കാത്തതും പരാജയകാരണമായി ചൂണ്ടിക്കാണിക്കുന്നു.
തളിപ്പറന്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പി.കെ. ശ്യാമളയ്ക്കെതിരേ ലോക്കൽ-ബ്രാഞ്ച് കമ്മിറ്റികളിൽ എതിർപ്പ് അറിയിച്ചപ്പോഴും നടപടി സ്വീകരിക്കാതെ ശ്യാമളയെത്തന്നെ സ്ഥാനാർഥിയാക്കുകയായിരുന്നു. ഇതോടെ, തളിപ്പറന്പ് എന്ന പാർട്ടിക്കോട്ടയിലും പരാജയം സിപിഎം രുചിച്ചറിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിൽ വിജയം നേടാത്തത് സിപിഎം ജില്ലാ സെക്രട്ടറിയെന്ന നിലയിൽ കെ.കെ. രാഗേഷിന്റെ പരാജയമായി ചൂണ്ടിക്കാട്ടുന്നു.
Tags : CPM strongholds polls Criticism K.K. Ragesh Defeat