കൊച്ചി: ലൈംഗികാതിക്രമ കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന് ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. എറണാകുളം സെഷന്‍സ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. എറണാകുളം ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ ആണ് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദേശത്തോടെയുള്ള ആക്രമണം, സ്ത്രീകളെ മോശമായി സ്പർശിക്കൽ എന്നീ രണ്ട് കുറ്റങ്ങളാണ് സംവിധായകനെതിരെ ചുമത്തിയിരിക്കുന്നത്.
ഫ്ളാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായാണ് യുവതി സൗത്ത് പോലീസിനെ സമീപിച്ചത്. മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ചിദംബരത്തിനെതിരെ കേസെടുക്കുകയായിരുന്നു.
2022 ല്‍ എളംകുളത്തെ തന്റെ ഫ്ളാറ്റില്‍ ചിദംബരം അതിക്രമിച്ചു കടന്ന ശേഷം ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. നാലു വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ മൊഴി വിശദമായി പരിശോധിച്ച് വസ്തുതകള്‍ വിലയിരുത്തിയ ശേഷമാകും തുടര്‍ നടപടികളെന്ന് പോലീസ് അറിയിച്ചിരുന്നു.
പരാതിക്കാരിയായ യുവതി രണ്ടു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ ചിദംബരത്തിനെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിദംബംരം മാനനഷ്ടക്കേസും നല്‍കിയിരുന്നു. ഈ കേസില്‍ നിന്ന് പിന്മാറാത്തതിനെ തുടര്‍ന്നുളള പ്രകോപനമാണ് പുതിയ പരാതിക്ക് പിന്നിലെന്നാണ് ചിദംബരത്തോട് അടുത്തവൃത്തങ്ങള്‍ അനൗദ്യോഗികമായി നല്കുന്ന വിശദീകരണം.
Tags : director chidambaram anticipatory bail sexual assault case manjummel boys