സംസ്ഥാനത്തു ഭരണത്തിലേറുകയെന്ന സ്വപ്നം സഫലമാകണമെങ്കിൽ എറണാകുളത്തു സമ്പൂർണാധിപത്യം ഉറപ്പാക്കണമെന്ന് യുഡിഎഫിനു നന്നായറിയാം; 14ൽ 9 എന്ന നിലവിലെ സ്ഥിതി നിലനിർത്തിയാൽ പോരെന്നും..!
ഇവിടെ ഒരു സീറ്റുപോലും കൈവിട്ടുപോകുന്നതു തങ്ങളുടെ ഭരണപ്രതീക്ഷകൾക്കു ക്ഷീണമാകുമെന്നു മുന്നണി നേതാക്കൾ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് എറണാകുളത്തെ പോരാട്ടം യുഡിഎഫിനു നിർണായകം തന്നെ. ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ മികച്ച മുന്നേറ്റം മുന്നണിക്കു പ്രതീക്ഷയാണ്. പ്രചാരണം അവസാന ദിനങ്ങളിലേക്കെത്തുമ്പോൾ ജില്ല ‘കൈ’ വെള്ളയിൽ സുരക്ഷിതമെന്നാണു യുഡിഎഫ് ക്യാമ്പിലെ ആത്മവിശ്വാസം.
മികച്ച സ്ഥാനാർഥികളെ അണിനിരത്തിയതും ഭരണനേട്ടങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നുണ്ട്. ഉള്ളതു നിലനിർത്തുന്നതിനൊപ്പം, ചില മണ്ഡലങ്ങളിൽ വിസ്മയവിജയങ്ങൾ ഉണ്ടാകുമെന്ന് എൽഡിഎഫ് അവകാശവാദം.
പുതിയ കൂട്ടുകെട്ടിൽ കളത്തിലിറങ്ങിയ എൻഡിഎ ജില്ലയിൽ സ്വന്തം വോട്ടുകൾ ചോരാതെ സമാഹരിക്കാമെന്നതിനപ്പുറം കാര്യമായ അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ട്വന്റി20 മത്സരിക്കുന്ന കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ തങ്ങൾ നിർണായകമാകുമെന്ന് എൻഡിഎ കണക്കുകൂട്ടുന്നുണ്ട്.
തൽസ്ഥിതി മാറിയേക്കും?
2021ല്‍ യുഡിഎഫിനു ലഭിച്ചത് അങ്കമാലി, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ മണ്ഡലങ്ങളാണ്. കളമശേരി, കുന്നത്തുനാട്, വൈപ്പിന്‍, കൊച്ചി, കോതമംഗലം എന്നിവയാണ് നിലവിൽ ഇടതുപക്ഷ മണ്ഡലങ്ങള്‍.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളിലെവിടെയും അട്ടിമറി ആരും പ്രതീക്ഷിക്കുന്നില്ല. മുന്നണിയിൽ പെരുമ്പാവൂരിലും തൃപ്പൂണിത്തുറയിലുമൊഴികെ സിറ്റിംഗ് എംഎൽഎമാരാണു കളത്തിൽ. ഇരു മണ്ഡലങ്ങളിലുമെത്തിയ യുവ സ്ഥാനാർഥികൾക്കു പ്രചാരണത്തിൽ വേഗത്തിൽതന്നെ മുന്നേറാനായതു നേട്ടമായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപന ഘട്ടത്തിലെ അനിശ്ചിതത്വങ്ങളും ആശയക്കുഴപ്പങ്ങളും വലിയ അളവോളം നീക്കാനായത് യുഡിഎഫിന് ആശ്വാസമായിട്ടുണ്ട്. സീറ്റു നിഷേധിക്കപ്പെട്ടതിലൂടെ പെരുമ്പാവൂരിലെ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി ആദ്യമൊന്ന് ഉടക്കിനോക്കിയെങ്കിലും വൈകാതെ പാർട്ടിയുടെ വഴിയിലേക്കു വന്നു.
എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ കളമശേരി, കുന്നത്തുനാട്, കോതമംഗലം എന്നിവിടങ്ങളിൽ 2021ലെ മത്സത്തിന്റെ തനിയാവർത്തനമാണ്. ഇടതു, വലതു മുന്നണികൾക്ക് അന്നും ഇന്നും ഒരേ സ്ഥാനാർഥികളെന്നത് മത്സരത്തിന് ആവേശംകൂട്ടിയിട്ടുണ്ട്.
ഏതായാലും 9-5 എന്ന നിലവിലെ യുഡിഎഫ്-എൽഡിഎഫ് സീറ്റുനിലയിൽ മാറ്റമുണ്ടാകുമെന്നു തന്നെയാണ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ സൂചന. ആർക്കു കൂടും, ആർക്കു ചോരും എന്നതേ അറിയേണ്ടതുള്ളൂ.
കോൺഗ്രസ് 11 സീറ്റിൽ
അങ്കമാലി, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കുന്നത്തുനാട്, വൈപ്പിൻ, കൊച്ചി സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. മത്സരിക്കുന്ന സിറ്റിംഗ് എംഎൽഎമാർ പൊതുവേ സേഫ് സോണിലാണ്. സിപിഐ ശക്തനായ എതിരാളിയെ നിയോഗിച്ചു വിസ്മയം തീർക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പറവൂരിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ശ്രമം കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഉയർത്താൻ തന്നെ.
കഴിഞ്ഞ തവണ കൈവിട്ട കുന്നത്തുനാട്, വൈപ്പിൻ, കൊച്ചി സീറ്റുകളിൽ ശക്തമായ മത്സരം ഇക്കുറിയുണ്ട്. കുന്നത്തുനാട് ട്വന്റി20യുടെ സാന്നിധ്യം നിർണായകമാണെങ്കിലും അവർ എൻഡിഎ പാളയത്തിലെത്തിയതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പെന്ന നിലയിൽ എന്തു സംഭവിക്കുമെന്നതിൽ ആകാംക്ഷയുണ്ട്. 2021ൽ ട്വന്റി 20 നേിയത് 42000 വോട്ടുകളാണ്. എൽഡിഎഫിലെ പി.വി. ശ്രീനിജന്റെ വിജയം 2715 വോട്ടിനും. കഴിഞ്ഞ തവണ പരാജയപ്പെട്ട വി.പി. സജീന്ദ്രൻ ഇക്കുറി വിജയപ്രതീക്ഷയിലാണ്.
കൊച്ചിയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ആദ്യഘട്ടത്തിൽ അവിടെയുണ്ടായ എതിർപ്പുകൾ മറികടക്കാനായിട്ടുണ്ട്. എൽദോസിനു വഴിമാറേണ്ടിവന്നപ്പോൾ പകരമെത്തിയ മനോജ് മൂത്തേടൻ പെരുമ്പാവൂരിൽ നല്ല ആത്മവിശ്വാസത്തിലാണ്. വൈപ്പിനിൽ മുൻ മേയർ ടോണി ചമ്മിണി മണ്ഡലം തിരിച്ചുപിടിക്കാൻ നന്നേ വിയർപ്പൊഴുക്കുന്നുണ്ട്.
മുസ്ലിം ലീഗ് മത്സരിക്കുന്ന കളമശേരിയും, കേരള കോൺഗ്രസിന്റെ കോതമംഗലവും ശക്തമായ പോരാട്ടത്തിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണു യുഡിഎഫ് പ്രതീക്ഷ. കേരള കോൺഗ്രസ് ജേക്കബിന് പിറവം നിലനിർത്താൻ കാര്യമായ ഭീഷണിയില്ല.
നിലനിർത്താനും നേടാനും
ജില്ലയിൽ നിലവിലുള്ള അഞ്ചു മണ്ഡലങ്ങൾ നിലനിർത്തുകയെന്നതു സിപിഎമ്മിനും എൽഡിഎഫിനും അഭിമാനപ്രശ്നമാണ്. മന്ത്രി പി. രാജീവ് കളമശേരിയിൽ വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. വൈപ്പിനിൽ നിന്നു മാറി തൃപ്പൂണിത്തുറയിലെത്തിയ കെ.എൻ. ഉണ്ണികൃഷ്ണന് ശക്തമായ മത്സരം നേരിടേണ്ടിവരുന്നുണ്ട്. എൽഡിഎഫിനു ജില്ലയിൽ സീറ്റു ലഭിച്ചാൽ ആദ്യത്തേത് വൈപ്പിനാകുമെന്ന് കരുതുന്നവരുണ്ട്. ഇവിടെ സിപിഎമ്മിലെ വനിതാ സ്ഥാനാർഥി എം.ബി. ഷൈനി പ്രചാരണത്തിൽ സജീവമാണ്. കൊച്ചിയിൽ കെ.ജെ. മാക്സിയും കോതമംഗലത്ത് ആന്റണി ജോണും ശക്തമായ മത്സരം നേരിടുന്നു.
യുഡിഎഫ് കുത്തകയെന്നറിയപ്പെടുന്ന അങ്കമാലി, ആലുവ സീറ്റുകളിൽ മണ്ഡലങ്ങൾക്കു പുറത്തുനിന്ന് ശക്തരും പരിചയസമ്പന്നരുമായ സാജു പോളിനെയും എ.എം. ആരിഫിനെയും മത്സരിപ്പിക്കുന്പോൾ അട്ടിമറി ജയമാണ് സിപിഎം കണക്കുകൂട്ടുന്നത്.
എൽഡിഎഫിൽ ഘടകകക്ഷികൾ മത്സരിക്കുന്നത് അഞ്ചിടത്ത്. സിപിഐ മത്സരിക്കുന്ന പറവൂർ, മൂവാറ്റുപുഴ, കേരള കോൺഗ്രസ് എം മത്സരിക്കുന്ന പെരുമ്പാവൂർ, പിറവം, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിനു കിട്ടിയ എറണാകുളം എന്നീ സീറ്റുകളിൽ അത്ഭുതങ്ങൾക്കു സാധ്യത കുറവാണ്.
ട്വന്റി20 ഒമ്പതിടത്ത്
എൻഡിഎയിലേക്കു ചേക്കേറിയ ട്വന്റി 20 ജില്ലയിൽ ഒമ്പതു സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ബിജെപി മത്സരിക്കുന്നത് മൂന്നു സീറ്റുകളിൽ മാത്രം. ബിഡിജെഎസ് രണ്ടു സീറ്റുകളിൽ ജനവിധി തേടുന്നു.
ബിജെപി എ ക്ലാസ് മണ്ഡലമെന്നു വിളിക്കുന്നത് തൃപ്പൂണിത്തുറയെ. ചരിത്രത്തിൽ ആദ്യമായി നഗരസഭ ഭരണം പാർട്ടി പിടിച്ചെങ്കിലും ഇവിടെ സ്ഥാനാർഥി ട്വന്റി20യുടേതാണ്. നടി അഞ്ജലി നായരാണ് ഇവിടെ മതസരിക്കുന്നത്.
പാർട്ടിക്കു കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടതില്ലാത്ത എറണാകുളം, പറവൂർ, ആലുവ മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. തൃപ്പൂണിത്തുറയുൾപ്പെടെ ജില്ലയിൽ ട്വന്റി 20യ്ക്കു വാരിക്കോരി സീറ്റുകൾ നൽകിയതിൽ ബിജെപിക്കുള്ളിൽ പുകയുന്ന അസ്വസ്ഥത ഇനിയും അസ്തമിച്ചിട്ടില്ല. ഇതു പ്രചാരണത്തിലും നിഴലിക്കുന്നുമുണ്ട്. ജില്ലയിൽ കഴിഞ്ഞ തവണത്തെ വോട്ടുനിരക്ക് നിലനിർത്തുകയെന്നതു ബിജെപിക്കും എൻഡിഎയ്ക്കും അഗ്നിപരീക്ഷയാണെന്നുറപ്പ്.
Tags : Ernakulam cool Kerala Assembly Election Niyama Sabha Election UDF LDF NDA