നിലമ്പൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച 34 ലിറ്റർ വിദേശ മദ്യവുമായി യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്.
വെള്ളാരംകുന്ന് വണ്ടാളി ബേബി (38) ആണ് അറസ്റ്റിലായത്. ഇവരുടെ നിർമ്മാണം നടക്കുന്ന വീടിനു പുറകിൽ മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് മദ്യശേഖരം കണ്ടെത്തിയത്. പിടിയിലായ ബേബി മുൻപും അബ്കാരി കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സ്ഥിരം കേസുകളിൽ പെടുന്നവരെ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു പി. എബ്രഹാമിന്റെ നേതൃത്വത്തിൽ സി.കെ. റംഷുദ്ദീൻ, കെ. ആബിദ്, ഇ. ഷീന, വിഷ്ണുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.