കോഴിക്കോട്: പെട്രോള്‍ പമ്പ് വഴി കുഴല്‍പ്പണ ഇടപാടിന് ശ്രമിച്ചതായി സംശയിക്കുന്ന സംഭവത്തിൽ മലപ്പുറം പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
കരിപ്പൂർ സ്വദേശികളായ രണ്ട് യുവാക്കളാണ് പിടിയിലായത് . ഇവർ ഇടനിലക്കാരെന്നാണ് പോലീസ് സംശയിക്കുന്നത്. അക്കൗണ്ടിലേക്ക് പണം അയച്ചയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. സംഭവത്തിൽ കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്യും. സൈബർ ക്രൈം ആയതിനാല്‍ സൈബർ പൊലീസും അന്വേഷിക്കുന്നുണ്ട്.
പെട്രോള്‍ അടിച്ച ശേഷം വലിയ തുക പമ്പിന്റെ അക്കൗണ്ടിലേക്ക് സ്കാനർ മുഖേന അയക്കുകയും തെറ്റിപ്പോയതാണെന്ന് പറഞ്ഞ് ബാക്കി തുക പമ്പില്‍ നിന്ന് തിരികെ വാങ്ങുന്നതുമാണ് രീതി.
മലപ്പുറം ജില്ലയിൽ മാത്രം പത്തിലധികം പമ്പുകൾക്ക് ഇത്തരത്തിൽ അക്കൗണ്ട് നഷ്ടമാവുകയോ തട്ടിപ്പിനിരയാവുകയോ ചെയ്തപ്പോഴാണ് പമ്പുടമകൾ പരസ്പരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതും തട്ടിപ്പ് പുറത്തറിയുന്നതും.
മുമ്പ് വിദ്യാർഥികളുടെയും മറ്റും അക്കൗണ്ടുകൾ കമ്മീഷൻ നൽകി വാങ്ങി ഇത്തരത്തിൽ ഉപയോഗിച്ചിരുന്ന സംഘങ്ങൾ, പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെയാണ് പെട്രോൾ പമ്പുകളെ ലക്ഷ്യമിടാൻ തുടങ്ങിയത്.
പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും ചിലർ ഇതിനകം കസ്റ്റഡിയിലുണ്ടെന്നുമാണ് സൂചന.
Tags : hawala transations petrol pump