കൊച്ചി: സിനിമാക്കഥകളോ മാധ്യമവിചാരണയോ ജഡ്ജിമാരെ സ്വാധീനിക്കില്ലെന്നു ഹൈക്കോടതി. കേസുകളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമകളോ മറ്റു മാധ്യമങ്ങളോ കോടതികളെ സ്വാധീനിക്കാറില്ല. കോടതികള്‍ക്കു നിഷ്പക്ഷത പാലിക്കാനാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു നിര്‍മിച്ച മലയാള സിനിമയായ ‘കാലം പറഞ്ഞ കഥ’യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടു പ്രതിയുടെ അച്ഛൻ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് ജസ്റ്റീസുമാരായ പി. ഗോപിനാഥ്, ജോണ്സണ് ജോണ്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ തന്റെ മകന്റെ വിചാരണയെ അന്യായമായി സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി അഫാന്റെ അച്ഛൻ അബ്ദുള്‍ റഹീമിന്റെ അപ്പീല്‍.
ഒരു സിനിമ ഒരു ജുഡീഷല്‍ ഓഫീസറുടെ മനസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വീക്ഷണത്തോടു യോജിക്കാന്‍ കഴിയില്ല. തങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അതു പറയാനാകുമെന്ന് ജസ്റ്റീസ് ഗോപിനാഥ് അഭിപ്രായപ്പെട്ടു.
പോലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്യുന്ന നിമിഷം മുതല്‍ അയാള്‍ കുറ്റവാളിയാണെന്ന് പൊതുജനങ്ങള്‍ കരുതുന്നു. ടിവി ചാനലുകളില്‍ ടോക്ക് ഷോകളും ഉണ്ടാകും. നിയമത്തെക്കുറിച്ച് നന്നായി അറിയാമെന്ന് അവകാശപ്പെടുന്ന ആളുകള്‍ ഇരുന്ന് ചര്‍ച്ച ചെയ്യും.
ഈ ചര്‍ച്ചകള്‍ കാണുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നു. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. നമുക്ക് കൃത്യമായി ഒരു മൈക്കെടുത്ത് അതിലൊന്നിനും മറുപടി നല്‍കാനോ ഇതെല്ലാം മണ്ടത്തരമാണെന്ന് പറയാനോ കഴിയില്ല. കടലാസില്‍ എന്താണുള്ളത്, എന്താണു മെറ്റീരിയല്‍ എന്നുനോക്കാതെയാണ് ആളുകള്‍ ചര്‍ച്ച ചെയ്യുന്നതെന്നും ജസ്റ്റീസ് ഗോപിനാഥ് അഭിപ്രായപ്പെട്ടു.
കാലം പറഞ്ഞ കഥയുടെ റിലീസ് തടയണമെന്ന റിട്ട് ഹര്‍ജി തള്ളിക്കൊണ്ടു ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഈമാസം ഏഴിന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് അബ്ദുള്‍ റഹീം അപ്പീൽ സമർപ്പിച്ചത്.
Tags : High Court judges influenced movie stories media coverage