മണിമല: ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില്‍ മണിമലയില്‍ ആരംഭിക്കുന്ന ഇന്‍ഫന്റ് ജീസസ് ഹോസ്പിറ്റലിന് ക്രിസ്മസ് ദിനത്തില്‍ പ്രൗഢമായ തുടക്കം.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ആശുപത്രിയുടെ ഉദ്ഘാടനവും അതിരൂപത മുൻ അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം വെഞ്ചരിപ്പു കര്‍മവും നിര്‍വഹിച്ചു. ആതുരസേവന മേഖലയില്‍ മികച്ച സംഭാവനകളാണ് സഭ നല്‍കിവരുന്നതെന്നും ഈശോയുടെ കരുണയുടെ മുഖമായി മാറാന്‍ ആരോഗ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു കഴിയണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
ആശുപത്രികള്‍ മിഷന്‍ചൈതന്യം പ്രകടിപ്പിക്കാനുള്ള സാധ്യതാ കേന്ദ്രങ്ങളായി മാറണമെന്നും കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഗുണമേന്മയുള്ള ചികിത്സ നല്കുന്ന ആതുരാലയങ്ങള്‍ സഭയുടെ സേവനത്തിന്റെ മുഖമുദ്രയാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് ഓര്‍മിപ്പിച്ചു. കാത്തിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹ പ്രഭാഷണവും വികാരി ജനറല്‍ റവ. ഡോ. ജോണ്‍ തെക്കേക്കര ആമുഖ പ്രഭാഷണവും നടത്തി.
മന്ത്രി വി.എന്‍. വാസവന്, ചീഫ് വിപ്പ് എന്‍. ജയരാജ്, ആന്റോ ആന്റണി എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, അപ്പസ്തോലിക് ന്യൂണ്‍ഷോ എമെരിറ്റസ് മാര്‍ ജോര്‍ജ് കോച്ചേരി, ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത്, അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതില്‍ച്ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തന്‍ചിറ, ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, ഡോ. എന്‍. രാധാകൃഷ്ണന്, ഡോ. തോമസ് സഖറിയ, ഡോ. ജിജി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ആശുപത്രി നിര്‍മാണത്തില്‍ സഹകരിച്ച ഹോസ്ടെക് ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റ് പിഎംസി, വെട്ടൂര്‍ കണ്‍സ്ട്രക്ഷന്‍സ് എന്‍ജിനിയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ നല്കി.
മണിമല ഇന്‍ഫന്റ് ജീസസ് ഹോസ്പിറ്റലില്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഒപി സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഒരേ സമയം 100 രോഗികളെ കിടത്തി പരിചരിക്കാനുള്ള സൗകര്യവും ആദ്യഘട്ടത്തില്‍ തയാറാക്കിയിട്ടുണ്ട്. ജനറല്‍ മെഡിസിന്, പീഡിയാട്രിക് ആന്‍ഡ് നിയോനാറ്റോളജി, ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ഇഎന്‍ടി ജനറല്‍ ആന്‍ഡ് ലാപ്രോസ്കോപിക സ്ജറി, ഓര്‍ത്തോപ്പീഡിക്സ്, സൂപ്പര്‍ സ്പെഷാലിറ്റി ഡിപ്പാര്‍ട്ട്മെന്റുകളായ കാര്‍ഡിയോളജി, ന്യൂറോളജി, യൂറോളജി, പള്‍മണോളജി, ന്യൂറോസര്‍ജറി, നെഫ്രോളജി, ഗ്യാസ്ട്രോളജി, റൂമറ്റോളജി തുടങ്ങിയ ഡിപ്പാര്‍ട്ട്മെന്റുകളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. 24 മണിക്കൂറും ആംബുലന്‍സ് സൗകര്യമുണ്ട്. എക്കോ കാര്‍ഡിയോഗ്രാഫി, റ്റിഎംറ്റി, പിഎഫ്റ്റി, ഡിജിറ്റല്‍ എക്സ്-റേ, അള്‍ട്രാസൗണ്ട് സ്കാനിംഗ്, സി.റ്റി. സ്കാന്‍, ലാബ്, ഫാര്‍മസി സൗകര്യങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തില്‍ തയാറാക്കിയിരിക്കുന്നു.
24 മണിക്കൂറും സുസജ്ജമായ രണ്ടു ലാമിനര്‍ ഫ്ളോ ഓപ്പറേഷന് തിയറ്റര്‍ സൗകര്യങ്ങളുണ്ട്. വെന്റിലേറ്റര്‍ സൗകര്യത്തോടുള്ള ഐസിയു, മെഡിക്കല്‍ ഐസിയു, സര്‍ജിക്കല്‍ ഐസിയു, നവജാത ശിശുക്കളുടെ പരിചരണത്തിനായുള്ള ഐസിയു, പ്രസവാനന്തര ശുശ്രൂഷക്കള്ക്കായി യുറോഷ്യന് സ്റ്റാന്‍ഡേര്‍ഡില്‍ നിര്‍മിക്കപ്പെട്ട ലേബര്‍ സ്യൂട്ട് റും എന്നിവയും ഇന്‍ഫന്റ് ജീസസ് ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുണ്ട്.
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്‍ഫന്റ് ജീസസ് ഹോസ്പിറ്റലിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാവും. അപ്പോള്‍ ആശുപത്രിയിലെ കിടക്കളുടെ എണ്ണം 250 ആയി ഉയരും. പേപ്പര്‍ലെസ് അഡ്മിനിസ്ട്രേഷന്, അണുബാധരഹിത പരിസരം, പൊല്യൂഷന്‍ ഫ്രീ ഗ്രീന്‍ സോണ്‍ എന്നിവ ആശുപത്രിയുടെ പ്രത്യേകതയാണ്.
Tags : Infant Jesus Hospital Manimala grand start Arch dioces Changanacherry St thomas hospital chethipuzha