കൊച്ചി: ഹൃദയമിടിപ്പ് മന്ദഗതിയിലാകുന്ന ബ്രാഡികാര്‍ഡിയ തിരിച്ചറിയപ്പെടുന്നതിലെ കാലതാമസം ഈ രംഗത്തെ ചികിത്സയിൽ വെല്ലുവിളിയെന്നു കാര്‍ഡിയോളജി വിദഗ്ധർ.
രോഗം നിര്‍ണയിക്കുന്നതിലും കൃത്യസമയത്തു പരിചരണം നേടുന്നതിലും ചികിത്സാരംഗത്തെ ആധുനിക നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും ആസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സസ് ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആര്. അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.
ഹൃദയമിടിപ്പു കുറയുന്ന ബ്രാഡികാര്‍ഡിയ സംഭവങ്ങള്‍ വര്‍ധിക്കുന്നുണ്ട്.ഈ രോഗം രൂക്ഷമാകുന്നതുവരെ പലരും ഗൗരവമായി എടുക്കാറില്ല. തളര്‍ന്നുവീഴുകയോ താത്കാലികമായ ബോധക്ഷയം ഉണ്ടാകുകയോ ചെയ്യുംവരെ പലരും ഇതവഗണിക്കും. പരിമിതമായ അവബോധത്തെ തുടര്‍ന്ന് രോഗനിര്‍ണയം വൈകുന്നത് ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.
നേരത്തെതന്നെ രോഗനിര്‍ണയം നടത്തുന്നതും കൃത്യമായി ഇടപെടുന്നതും പേസിംഗ് തെറാപിയിലെ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തുന്നതും സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.
ലീഡ്ലെസ് പേസ്മേക്കറുകള് വ്യക്തികള്‍ക്കായി ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കുന്നത് സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിലും രോഗത്തില്‍ നിന്നു വിമുക്തി നേടുന്നതിലും ഏറെ പ്രധാനപ്പെട്ടതാണെന്നും ഡോ. അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി
എന്താണ് ബ്രാഡികാര്‍ഡിയ?
ഹൃദയമിടിപ്പുകളുടെ എണ്ണം മിനിറ്റില്‍ 60ൽ താഴെയുള്ള നിലയിലേക്കു നീങ്ങുന്നതാണ് ബ്രാഡികാര്‍ഡിയയായി നിര്‍വചിക്കപ്പെട്ടിട്ടുള്ളത്.
രോഗമുള്ളവരിൽ നിര്‍ണായക അവയവങ്ങളിലേക്കുള്ള രക്തചംക്രമണം കുറയും. ക്ഷീണം, തലകറക്കം, ശ്വസനത്തിനു ബുദ്ധിമുട്ട്, പ്രത്യേക കാരണമില്ലാതെ തളര്‍ന്നു വീഴുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ആയിരത്തില്‍ ഒരാൾക്ക് ഈ രോഗം ബാധിക്കുമെന്നാണ് കണക്ക്. 65 വയസിനു മുകളിലുള്ളവരില്‍ ഇതു കൂടുതലാണെന്നും പറയുന്നു.
Tags : heart beating slowly careful