തിരുവനന്തപുരം: നിയമ സെക്രട്ടറി കെ.ജി.സനൽകുമാർ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറാകും. നിലവിലെ കമ്മീഷണറായിരുന്ന എ. ഷാജഹാന്റെ കാലാവധി 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായ കെ.ജി. സനൽകുമാറിനെ ഡപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമസെക്രട്ടറിയായി നിയമിച്ചത്. ഇതിനു പിന്നാലെയാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറാകുന്നത്. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽഎൽബിയും എൽഎൽഎമ്മും പാസായ ശേഷം 1989ൽ അഭിഭാഷകനായി എൻറോൾ ചെയ്തു.
1998ൽ വൈക്കം മുൻസിഫായി ജോലിയിൽ പ്രവേശിച്ചു. വടക്കഞ്ചരി, തലശേരി, ചേർത്തല, കൊല്ലം മജിസ്ട്രേറ്റ്, ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ്, പത്തനംതിട്ട മുൻസിഫ്, എറണാകുളം സബ് ജഡ്ജ്, സിജെഎം ആലപ്പുഴ, പത്തനംതിട്ട അഡീഷണൽ ജില്ലാ ജഡ്ജി, പത്തനംതിട്ട എംഎസിടി, കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജി, കോട്ടയം വിജിലൻസ് ജഡ്ജ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Tags : Election Commissioner kerala K.G. Sanal Kumar