കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെ കെ. സുധാകരൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. കണ്ണൂരിൽ സുധാകരന് സീറ്റ് നല്കുമെന്നാണ് സൂചന. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ ഇടപെടലിനെ തുടർന്നാണ് ഹൈക്കമാൻഡ് വഴങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ടുപോയ സുധാകരനെ എ.കെ. ആന്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യർഥിച്ചെന്നും മൂന്നാം പിണറായി സർക്കാർ വരരുതെന്ന് ആവശ്യപ്പെട്ടെന്നും എ.കെ. ആന്റണി മാധ്യമങ്ങളോടു പറഞ്ഞു.
കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ. മോഹനനെയാണ് കണ്ണൂരിൽ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നത്. നേരത്തെ സുധാകരനൊപ്പമായിരുന്ന മോഹനൻ സമീപകാലത്ത് വേണുഗോപാൽ ഗ്രൂപ്പിനൊപ്പമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കും താൻ നിർദേശിക്കുന്നു ആളുകൾക്കും സീറ്റ് നല്കാത്തതിൽ കടുത്ത അമർഷത്തിലായിരുന്നു സുധാകരൻ. എംപിമാർ മത്സരിക്കേണ്ടന്ന ഹൈക്കമാൻഡിന്റെ കർശന തീരുമാനത്തിലാണ് കെ. സുധാകരന് സീറ്റ് നല്കേണ്ടന്ന് നേരത്തെ തീരുമാനിച്ചിരുന്നത്. കെ. സുധാകരന് സീറ്റ് കൊടുത്താൽ മറ്റ് എംപിമാർക്കും സീറ്റ് കൊടുക്കേണ്ടി വരുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചതോടെ സുധാകരന് സീറ്റ് കൊടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ആദ്യഘട്ടം ഡൽഹിയിൽ നടന്ന ചർച്ചയിൽ എംപിമാർ മത്സരിക്കേണ്ടന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സുധാകരൻ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. തുടർന്ന്, കണ്ണൂർ നടാലിലെ വീട്ടിലെത്തി വൈകാരികമായി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സുധാകരന്റെ വൈകാരിക പ്രതികരണത്തിൽ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വീട്ടിലേക്ക് എത്തിച്ചേർന്നിരുന്നു. ഇതിനിടയിൽ, ഡൽഹിയിൽ നിന്നും വിളിക്കുകയും ചെയ്തിരുന്നു.
തനിക്ക് സീറ്റില്ലെങ്കിൽ താൻ നിർദേശിക്കുന്ന ആളുകൾക്ക് സീറ്റ് നല്കണമെന്നായിരുന്നു സുധാകരന്റെ പ്രധാന നിർദേശം. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് വീണ്ടും ഡൽഹിക്ക് പോയത്. എന്നാൽ, പാർട്ടി നേതൃത്വം വഴങ്ങാതെ വന്നതോടെയാണ് സുധാകരൻ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്ന് സൂചനകൾ വന്നത്. ഇന്ന് പന്ത്രണ്ടിന് മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിരുന്നു.
കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് കെ. സുധാകരൻ. അതിനാൽ, സുധാകരന് ഇടഞ്ഞാൽ കോൺഗ്രസിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സുധാകരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിലും വ്യാപകമായി ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം സുധാകരൻ അനുകലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു.
നിലവിൽ, സുധാകരൻ അനുകൂലികളുടെ പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേയായിരുന്നു. സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂർ മണ്ഡലത്തിലും സുധാകരന്റെ പോസ്റ്ററുകൾ ഉയർന്നിരുന്നു. സുധാകരന് സീറ്റില്ലെങ്കിൽ സണ്ണി ജോസഫ് നിയമസഭയിൽ എത്തില്ലെന്നായിരുന്നു മുദ്രാവാക്യം.
Tags : K Sudhakaran Kannur