വാൽപ്പാറ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ വിനോദയാത്രയ്ക്കിടെ മലയാളി സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. മലപ്പുറം പാങ്ങ് എൽപി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ട പതിമൂന്നംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.
പാങ്ങ് എൽപി സ്കൂളിലെ അധ്യാപകരായ ഷക്കീല (37), മജീദ് (43), അജിത (54), റംല (52), ആശ (41), സുഹ്റ (43), സ്കൂളിലെ ആയ സാജിത (45) എന്നിവരും, മജീദിന്റെ ഭാര്യ റുഖിയ (39), സുഹ്റയുടെ മകൻ ഹിഷാം (12), സാജിതയുടെ മകൻ ഷഹാദിൻ (11) എന്നിവരുമാണ് മരണപ്പെട്ടത്. വാഹനമോടിച്ചിരുന്ന ഫാസിത്ത്, നൗഷാദ് (39), മസ്നീൻ (10) എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നൗഷാദും ഫാസിത്തും കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും, മസ്നീൻ പൊള്ളാച്ചിയിലുമാണ് ചികിത്സയിലുള്ളത്.
അപകടത്തിന് പിന്നാലെ കേരളത്തിൽ നിന്ന് പ്രത്യേക അന്വേഷണ, സഹായ സംഘം പുറപ്പെട്ടതായി ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. തമിഴ്നാട് ഡിജിപിയുമായി സംസാരിച്ചതായും പൊള്ളാച്ചി പോലീസുമായി ചേർന്ന് നടപടികൾ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകി.
Tags : Valparai Accident Latest News